ഹരിയാനയിൽ എട്ട് മുൻ എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു
കൂടുതൽ നേതാക്കൾ കോൺഗ്രസിൽ ചേരുന്നത് 2024ൽ നടക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കരുത്താവുമെന്ന് പിസിസി അധ്യക്ഷൻ പറഞ്ഞു.
ഛണ്ഡിഗഡ്: ഹരിയാനയിൽ എട്ട് മുൻ എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. ഹരിയാന പിസിസി അധ്യക്ഷൻ ഉദയ് ഭാനിന്റെയും പ്രതിപക്ഷനേതാവ് ഭൂപീന്ദർ സിങ് ഹൂഡയുടെയും സാന്നിധ്യത്തിലാണ് ഇവർ കോൺഗ്രസിൽ ചേർന്നത്. കൂടുതൽ നേതാക്കൾ കോൺഗ്രസിൽ ചേരുന്നത് 2024ൽ നടക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കരുത്താവുമെന്ന് പിസിസി അധ്യക്ഷൻ പറഞ്ഞു.
ലോക്തന്ത്ര സുരക്ഷാ പാർട്ടി പ്രസിഡന്റ് കിശൻലാൽ പഞ്ചൽ, ശാരദ റാത്തോഡ്, രാം നിവാസ് ഖൊരേല, നരേഷ് സെൽവാൾ, പർവിന്ദർ ധൾ, സിലെ രാം ശർമ, രാകേഷ് കംബോജ്, രാജ് കുമാർ ബാൽമീകി, സുഭാഷ് ചൗധരി എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.
ഇവരിൽ ഭൂരിഭാഗവും മുൻ കോൺഗ്രസ് നേതാക്കൻമാരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് മറ്റു പാർട്ടികളിലേക്ക് ചേക്കേറിയത്. ബിജെപി-ജെജെപി സഖ്യത്തിന് ബദലാവാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നാണ് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിൽപ്പെട്ട നേതാക്കൾ പാർട്ടിയിലേക്ക് കടന്നുവരുന്നത് തെളിയിക്കുന്നതെന്ന് പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡ പറഞ്ഞു.