'അവൾ ഉറങ്ങുകയായിരുന്നു, ഫോൺ പൊട്ടിത്തെറിക്കുമെന്ന് കരുതിയില്ല'; നേഹയെ ഓർത്ത് വിതുമ്പി അമ്മ
ഉറങ്ങിക്കിടന്ന കുഞ്ഞിനരികിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്
ലഖ്‌നൗ: മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി അമ്മ. അയൽവാസികളുടെ സംസാരിക്കുകയായിരുന്നുവെന്നും ഫോൺ പൊട്ടിത്തെറിക്കുമെന്ന് കരുതിയില്ലെന്നും അമ്മ കുസുമം കശ്യപ് പറയുന്നു.
'ഞാൻ അയൽക്കാരോട് സംസാരിച്ച് നിൽക്കുകയായിരുന്നു. അപ്പോഴാണ് മൂത്തമകൾ നന്ദിനി നിലവിളിക്കുന്നത് കേട്ടത്. പെട്ടെന്ന് ചെന്ന് നോക്കിയപ്പോൾ നേഹ പൊള്ളലേറ്റ് കിടക്കുന്നതാണ് കണ്ടത്. ഫോണിന്റെ ചാർജറടക്കം കത്തിനശിച്ചിരുന്നു. ഒരു മൊബൈൽ ഫോൺ എന്റെ കുഞ്ഞിന്റെ ജീവന് ആപത്താകുമെന്ന് കരുതിയില്ല. അങ്ങനെയെങ്കിൽ അതവിടെ സൂക്ഷിക്കുമായിരുന്നില്ല'; കുസുമം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശിലെ ബറേലിയിൽ സ്മാർട്ട് ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് മാസം പ്രായമുള്ള നേഹ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉറങ്ങിക്കിടന്ന കുഞ്ഞിനരികിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും മാതാപിതാക്കളുടെ അനാസ്ഥ തന്നെയാണ് കാരണമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.