30 വർഷം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി: 82കാരനായ മുൻ റെയിൽവേ ക്ലാർക്കിന് തടവുശിക്ഷ
ഒരു വർഷം തടവുശിക്ഷ കൂടാതെ 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്
ലഖ്‌നൗ: 30 വർഷം മുമ്പ് കൈക്കൂലി വാങ്ങിയെന്ന കേസിൽ യുപിയിൽ മുൻ റെയിൽവേ ക്ലാർക്കിന് തടവുശിക്ഷ. 82കാരനായ മുൻ ഉദ്യോഗസ്ഥൻ റാം നാരായൺ വർമയെയാണ് സ്‌പെഷ്യൽ സിബിഐ കോടതി ശിക്ഷിച്ചത്. ഒരു വർഷം തടവുശിക്ഷ കൂടാതെ 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
32 വർഷം മുമ്പ് 1991ൽ നൂറ് രൂപ കൈക്കൂലി വാങ്ങിയതിന് റാം നാരായണെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. റാം കുമാർ തിവാരി എന്ന ലോക്കോ പൈലറ്റിന്റെ പരാതിയിലായിരുന്നു കേസ്. മെഡിക്കൽ പരിശോധനയ്ക്കായി നാരായണൻ 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. 100 രൂപ നൽകിയ ശേഷം തിവാരി പൊലീസിനോട് പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പിന്നീട് സിബിഐ നാരാണനെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്തു
കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായാധിക്യം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ശിക്ഷ വെട്ടിക്കുറയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ജഡ്ജി അജയ് വിക്രം സിംഗ് വിലയിരുത്തി. കേസിൽ രണ്ട് ദിവസം ജയിലിൽ കഴിഞ്ഞതിനാൽ ഇത് ശിക്ഷയായി പരിഗണിക്കണമെന്ന നാരായണന്റെ ഹരജിയും കോടതി തള്ളി.