പ്രാദേശിക കക്ഷികൾക്കുള്ള സംഭാവന; കൂടുതൽ ജെ.ഡി(യു)വിന്; ലീഗിന് വൻ ഇടിവ്
ആകെ ലഭിച്ച സംഭാവനയിൽ 91.38 ശതമാനവും ലഭിച്ചത് അഞ്ചു രാഷ്ട്രീയപ്പാർട്ടികൾക്കാണ്.
ന്യൂഡൽഹി: രാജ്യത്തെ പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾക്ക് 2020-21 സാമ്പത്തിക വർഷം സംഭാവനയായി ലഭിച്ചത് 124.53 കോടി രൂപ. ഏറ്റവും കൂടുതൽ തുക ലഭിച്ചത് നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനാണ്; 60.15 കോടി. എം.കെ സ്റ്റാലിന്റെ ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്; 33.9 കോടി രൂപ. അരവിന്ദ് കെജ്‌രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടി 11.32 കോടിയുമായി മൂന്നാമതെത്തി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാലാം സ്ഥാനത്ത്. 4.16 കോടി രൂപയാണ് ലീഗിന് ഇക്കാലയളവിൽ സംഭാവന ലഭിച്ചത്. ഇതിൽ 63.78 ലക്ഷം രൂപ പണമായാണ് കിട്ടിയത്. മുൻ വർഷം 8.81 കോടി രൂപയാണ് ലീഗിനു സംഭാവന കിട്ടിയിരുന്നത്. സംഭാവന പകുതിയോളം ഇടിഞ്ഞതായി കണക്കുകൾ പറയുന്നു. തെരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുകൾ വിശകലനം ചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
4.15 കോടിയുമായി തെലങ്കാന രാഷ്ട്രസമിതിയാണ് സംഭാവനയിൽ അഞ്ചാം സ്ഥാനത്തുള്ളത്. സംഭാവനയിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായത് ഡി.എം.കെയ്ക്കാണ്. ഈ വർഷം 33 കോടി കിട്ടിയ തമിഴ്‌നാട് കക്ഷിക്ക് മുൻവർഷം ആകെ കിട്ടിയത് 2.81 കോടി രൂപയായിരുന്നു. കേരള കോൺഗ്രസിന് (എം) 69 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു.
ആകെ ലഭിച്ച സംഭാവനയിൽ 91.38 ശതമാനവും (113.79 കോടി) ലഭിച്ചത് അഞ്ചു രാഷ്ട്രീയപ്പാർട്ടികൾക്കാണ്. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എ്ൻഡിപിപി), ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ), രാഷ്ട്രീയ ലോക് ക്രാന്തിക് പാർട്ടി (ആർഎൽടിപി) തുടങ്ങിയ പാർട്ടികൾ സംഭാവനാ സംബന്ധിയായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ ജനതാദൾ, രാഷ്ട്രീയ ലോക് സമത പാർട്ടി, ലോക് ജൻശക്തി പാർട്ടി എന്നീ കക്ഷികളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യവുമല്ല.