ബിസിനസുകാരന്റെ ആത്മഹത്യാകുറിപ്പിൽ ഇഡിക്കെതിരെ ആരോപണം; സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് കോൺഗ്രസ്
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഇവരുടെ മക്കൾ രാഹുൽ ഗാന്ധിക്ക് ഉപഹാരം നൽകിയിരുന്നു
ഭോപ്പാൽ: മധ്യപ്രദേശിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ബിജെപി നേതാക്കളും ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ബിസിനസുകാരനും ഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച സംസ്ഥാന മന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ, ഇത്തരം ഗൂഢാലോചനകളിൽനിന്ന് പ്രതിപക്ഷം വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.
ബിസിനസുകാരനായ മനോജ് പർമാറിനെയും ഭാര്യ നേഹയുമാണ് വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യാ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാക്കളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഇതിൽ ആരോപിക്കുന്നുണ്ട്.
ഇന്ത്യൻ പ്രസിഡൻറ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അഭിസംബോധന ചെയ്താണ് കുറിപ്പ് എഴുതിയിട്ടുള്ളത്. തെൻറ മക്കളെ പരിചരിക്കണമെന്ന് പാർമർ രാഹുൽ ഗാന്ധിയോടും കോൺഗ്രസ് നേതാക്കളോടും അഭ്യർഥിക്കുന്നുണ്ട്. രണ്ട് ആൺ മക്കളും ഒരു മകളുമാണ് ദമ്പതികൾക്കുള്ളത്.
ഇവരുടെ മരണം സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമാണെന്നും പാർട്ടിയെ പിന്തുണച്ചതിനാണ് അവരെ സർക്കാർ ലക്ഷ്യമിട്ടതെന്നും കോൺഗ്രസ് ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഇവരുടെ മക്കൾ രാഹുൽ ഗാന്ധിക്ക് ഉപഹാരം നൽകിയിരുന്നു.
കോൺഗ്രസ് എംപി ജിട്ടു പട്വാരി മക്കളെ സന്ദർശിക്കുകയും രാഹുലുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. മക്കളെ ബിജെപിയിൽ ചേർക്കണമെന്ന ഇഡിയുടെ സമ്മർദത്തിന് വഴങ്ങാതെ പിതാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് മൂത്ത മകൻ പറഞ്ഞു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഡിസംബർ അഞ്ചിന് പാർമറുമായും മറ്റുള്ളവരുമായും ബന്ധപ്പെട്ടയിടങ്ങളിൽ പരിശോധന നടത്തിയിരുന്നുവെന്നാണ് ഇഡി ഭോപ്പാൽ സോണൽ ഓഫീസ് പറയുന്നത്. കുറ്റകരമായ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. സിബിഐ പാർമറിനും പഞ്ചാബ് നാഷനൽ ബാങ്ക് സീനിയർ ബ്രാഞ്ച് മാനേജർക്കുമെതിരെ എടുത്ത എഫ്ഐആറിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും ഇഡി പറയുന്നു.
പ്രധാനമന്ത്രി എംേപ്ലായ്മെൻറ് ജനറേഷൻ പ്രോഗ്രാം, മുഖ്യമന്ത്രിയുടെ യുവ ഉദ്യമി യോജന എന്നീ പദ്ധതികൾ പ്രകാരം ആറ് കോടി കടമെടുത്തിരുന്നു. ഇത് മറ്റു ആവശ്യങ്ങൾക്ക് വകമാറ്റിയെന്നും ഇഡി ആരോപിക്കുന്നുണ്ട്.