Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ പോകുന്നതിനെ പരിഹസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. 'ഇന്ത്യയിലെ കുട്ടികൾക്കിടയിലെ പുതിയ രോഗം' എന്നാണ് ഉപരാഷ്ട്രപതി ഇതിനെ വിശേഷിപ്പിച്ചത്.
പഠനത്തിനായി വിദ്യാർഥികൾ വിദേശത്ത് പോകുന്നത് നമ്മുടെ വിദേശനാണ്യ ശോഷണത്തിനും ബുദ്ധിശോഷണത്തിനും കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. എട്ടോ പത്തോ ജോലികൾക്ക് വേണ്ടിയാണ് ഇന്ത്യയിലെ കുട്ടികൾ ശ്രമിക്കുന്നതെന്നും അതിനേക്കാളേറെ ജോലി അവസരങ്ങൾ ഇന്ത്യയിലുണ്ടെന്നും യുവാക്കൾ അതിനായി ശ്രമിക്കണമെന്നും ധൻകർ പറഞ്ഞു.
'ഇന്ന് രാജ്യത്തെ കുട്ടികൾക്ക് പുതിയൊരു രോഗം പിടിപെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ബോധവത്ക്കരണം നൽകണം. പുതിയ സ്വപ്നങ്ങൾ സൃഷ്ടിക്കാനാണ് കുട്ടികൾ പുറത്തേക്ക് പോകുന്നത്. എന്നാൽ അവർ പോകുന്ന രാജ്യത്തെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ ഒരു വിലയിരുത്തലും ഇല്ല. വിദേശത്തേക്ക് പോകാനുള്ള അന്ധമായ ഓട്ടം മാത്രമാണ്'- ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
രാജസ്ഥാനിലെ സിക്കാറിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ൽ 13 ലക്ഷം വിദ്യാർഥികളാണ് ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പഠനത്തിനായി പോയത്.