ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ എ.എ.പി-കോൺഗ്രസ് സഖ്യം; ഇൻഡ്യ മുന്നണി ചരിത്ര വിജയം നേടുമെന്ന് രാഘവ് ഛദ്ദ
മേയർ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് എ.എ.പി കൺവീനർ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കണ്ട് ചർച്ച നടത്തിയിരുന്നു.
ന്യൂഡൽഹി: ചണ്ഡീഗഢ് നഗരസഭാ മേയർ തെരഞ്ഞെടുപ്പിൽ എ.എ.പി-കോൺഗ്രസ് സഖ്യം ചരിത്ര വിജയം നേടുമെന്ന് എ.എ.പി നേതാവ് രാഘവ് ഛദ്ദ. ബി.ജെ.പിയും ഇൻഡ്യ മുന്നണിയും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിന് ഈ തെരഞ്ഞെടുപ്പോടെ തിരശ്ശീല ഉയരും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ സ്‌കോർ കാർഡ് 1-0 എന്ന നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി സർവ ശക്തിയുമെടുത്ത് പൊരുതി ചരിത്ര വിജയം നേടും. ഇതിനെ ഒരു സാധാരണ തെരഞ്ഞെടുപ്പായി കാണരുത്. ഇൻഡ്യ മുന്നണിയും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. ശേഷം സ്‌കോർ കാർഡ് 1-0 എന്ന നിലയിലായിരിക്കും''-ഛദ്ദ പറഞ്ഞു.
#WATCH | Delhi | AAP MP Raghav Chadha says, "INDIA Alliance will fight the Chandigarh Mayor elections with all its strength and register a historic and decisive victory. Don't consider this an ordinary election. This will be an election where for the first time it will be INDIA… pic.twitter.com/l7d4Ej1kpg
— ANI (@ANI) January 16, 2024
മേയർ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് എ.എ.പി കൺവീനർ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കണ്ട് ചർച്ച നടത്തിയിരുന്നു. മേയർ സ്ഥാനാർഥി ആം ആദ്മി പാർട്ടിയിൽ നിന്നായിരിക്കുമെന്നും രണ്ട് ഡെപ്യൂട്ടി മേയർ സ്ഥാനാർഥികൾ കോൺഗ്രസിൽ നിന്നായിരിക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു. എ.എ.പി നേതാവ് കുൽദീപ് കുമാർ ടിറ്റയാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കോൺഗ്രസ് നോമിനികളായ ഗുർപ്രീത് സിങ് ഗാബിയും നിർമലാ ദേവിയും സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കും.
ഈ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും എ.എ.പിയും തമ്മിൽ ചർച്ചകൾ നടത്തുന്നതിനിടയിലാണ് ഇരു പാർട്ടികളും മേയർ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നത്. ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എ.എ.പി സഖ്യത്തിന് മുൻതൂക്കമുണ്ടാകും. 35 അംഗ ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ ബി.ജെ.പിക്ക് 14 കൗൺസിലർമാരാണുള്ളത്. എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും കൗൺസിലർമാരാണുള്ളത്. ശിരോമണി അകാലിദളിന് ഒരു കൗൺസിലറുണ്ട്.