പഞ്ചാബിൽ ആം ആദ്മി 'അധിനിവേശം'; കോൺഗ്രസ് ഏറെ പിന്നിൽ
മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി രണ്ടു സീറ്റിലും പിന്നിലാണ്
അമൃത്സർ: ഡൽഹിക്ക് പുറമേ, പഞ്ചാബിൽ കൂടി ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 117 അംഗസഭയിൽ പകുതിയിലേറെ സീറ്റിൽ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോൺഗ്രസിന് നിലവിൽ ഇരുപത് സീറ്റിൽ താഴെ മാത്രമാണുള്ളത്.
മാൽവ, മാഝാ മേഖലകളിൽ ആം ആദ്മിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. പാർട്ടി ആസ്ഥാനത്ത് ആം ആദ്മി പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി രണ്ടു സീറ്റിലും പിന്നിലാണ്. മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിങ് ബാദലും ക്യാപ്റ്റൻ അമരീന്ദർ സിങ്ങും സംസ്ഥാനത്ത് പിന്നിലാണ്.
ഡൽഹിക്കു പുറത്ത് ആദ്യമായാണ് എഎപി അധികാരം പിടിക്കുന്നത്. എക്‌സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരുന്നത് ആംആദ്മി പാർട്ടിക്കാണ്. പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്‌സും ഉൾപ്പെടുന്നു. ഭഗ്വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി.
ശിരോമണി അകാലദളുമായുള്ള ദീർഘകാല ബന്ധം വേർപെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ (സംയുക്ത്) എന്നിവരുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദൾ ബിഎസ്പിയുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.