രാജ്യത്ത് വിചാരണത്തടവുകാരിൽ 25 ശതമാനവും ന്യൂനപക്ഷ വിഭാഗക്കാർ
2020ൽ രാജ്യത്ത് ആകെ 3,71,848 വിചാരണത്തടവുകാരിൽ 25 ശതമാനം ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്. അതിൽ 72,790 പേരും മുസ്‌ലിംകളാണ്.
രാജ്യത്തെ വിചാരണത്തടവുകാരിൽ 25 ശതമാനവും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണെന്ന് കേന്ദ്രസർക്കാർ. അസം, പശ്ചിമ ബംഗാൾ, യു.പി സംസ്ഥാനങ്ങളിൽ നിന്നാണ് മുസ്‌ലിം വിചാരണത്തടവുകാർ കൂടുതലുള്ളതെന്നും മുസ്‌ലിം ലീഗ് എംപി പി.വി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പറഞ്ഞു.
വിചാരണത്തടവുകാരിൽ ഗണ്യമായ അനുപാതം മുസ്‌ലിം സമുദായത്തിൽ നിന്നാണോ എന്ന് ചോദിച്ച വഹാബ് വിചാരണത്തടവുകാരുടെ സമുദായം തിരിച്ചുള്ള കണക്കുകളും ആവശ്യപ്പെട്ടിരുന്നു. മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ 2020 ഡിസംബർ 31 വരെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജയിലുകളിൽ മതം തിരിച്ചുള്ള വിചാരണത്തടവുകാരുടെ എണ്ണം നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട 'പ്രിസൺ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ' എന്ന റിപ്പോർട്ട് ഉദ്ധരിച്ചു നൽകി.
ലഭ്യമായ ഏറ്റവും പുതിയ കണക്ക് പ്രകാരം 2020ൽ രാജ്യത്ത് ആകെ 3,71,848 വിചാരണത്തടവുകാരിൽ 25 ശതമാനം ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്. അതിൽ 72,790 പേരും മുസ്‌ലിംകളാണ്. യു.പി, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് മുസ്‌ലിം വിചാരണത്തടവുകാർ കൂടുതലുള്ളത്. യു.പിയിൽ 28ഉം അസമിൽ 43ഉം പശ്ചിമ ബംഗാളിൽ 52ഉം ശതമാനം വിചാരണത്തടവുകാരും മുസ്‌ലിംകളാണ്.