തലയണ കൊണ്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു, മുറിയില്‍ സിസി ടിവി സ്ഥാപിച്ചു; ഭര്‍ത്താവില്‍ നിന്നും ശ്രുതി നേരിട്ടത് കൊടിയ പീഡനം

ഭര്‍ത്താവിന്‍റെ കൊടിയ പീഡനം മൂലമാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ ആരോപണം

Update: 2022-03-25 05:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവർത്തക ശ്രുതി നാരായണനെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്‍റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ കൊടിയ പീഡനം മൂലമാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ശ്രുതിയെ ഭര്‍ത്താവ് അനീഷ് കോരോത്ത് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ''ഞാനെന്‍റെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ്. അതോടെ രണ്ടു പേര്‍ സന്തോഷമുള്ളവരായി മാറും. ഞാനും നീയും. ഈ പീഡന ജീവിതത്തിൽ നിന്ന് രക്ഷപ്പെടുന്നതിനാൽ ഞാൻ സന്തോഷവതിയാണ്. നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഇല്ലാത്തതിനാൽ നിങ്ങൾ സന്തോഷിക്കും'' മാര്‍ച്ച് 20ന് എഴുതിയ ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഈ വാക്കുകള്‍. ശ്രുതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു.

കാസര്‍കോട് സ്വദേശിയായ ശ്രുതി അഞ്ച് വർഷത്തോളം യുകെയിലെയും അയർലൻഡിലെയും വാർത്താ ഏജൻസിയായ പ്രസ് അസോസിയേഷനിൽ ഡെപ്യൂട്ടി പ്രൊഡക്ഷൻ എഡിറ്ററായി ജോലി ചെയ്തിരുന്നു. 2013ലാണ് റോയിട്ടേഴ്സിൽ ചേരുന്നത്. ബെംഗളൂരു ഓഫീസില്‍ പേജ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്‌മെന്‍റിലായിരുന്നു ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്.

അനീഷ് നാട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതിനാല്‍ സഹോദരന്‍ നിശാന്ത് നാരായണന്‍ ചൊവ്വാഴ്ച ശ്രുതി താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിലെത്തിയപ്പോഴാണ് സഹോദരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിൽ നിന്ന് മൂന്ന് ആത്മഹത്യാ കുറിപ്പുകളും പൊലീസ് കണ്ടെടുത്തതായി നിഷാന്ത് പറഞ്ഞു. പൊലീസിനും ഭര്‍ത്താവിനും വയസായ മാതാപിതാക്കളുടെയും പേരിലായിരുന്നു കുറിപ്പുകള്‍. 20 മിനിറ്റിൽ കൂടുതൽ അനീഷിന്‍റെ പീഡനം സഹിക്കാനാകില്ലെന്നും ഇനി വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ബധിരയും അന്ധയുമായ യുവതിയെ വിവാഹം കഴിക്കണമെന്നും ഭർത്താവിന് വേണ്ടിയുള്ള കുറിപ്പിൽ പറയുന്നു. ''ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് എല്ലാ ദിവസവും സങ്കടത്തിന് കാരണമാകും. പക്ഷേ ഞാൻ മരിച്ചാൽ നിന്‍റെ ദുഃഖം കുറച്ചു ദിവസങ്ങൾ മാത്രമേ നിലനിൽക്കൂ'' മാതാപിതാക്കള്‍ക്കായി എഴുതിയ കത്തില്‍ ശ്രുതി കുറിച്ചു. റിട്ടയേഡ് ഹൈസ്കൂള്‍ അധ്യാപകരാണ് ശ്രുതിയുടെ മാതാപിതാക്കള്‍. ആത്മഹത്യാ കുറിപ്പിന്‍റെയും നിശാന്ത് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് പൊലീസ് അനീഷ് കോറോത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

നാല് വര്‍ഷം മുന്‍പാണ് ശ്രുതിയും അനീഷും വിവാഹിതരാകുന്നത്. ശ്രുതി വീട്ടുകാരോട് സംസാരിക്കുന്നത് അനീഷിന് ഇഷ്ടമായിരുന്നില്ല. ശ്രുതിയ നിരീക്ഷിക്കുന്നതിനായി മുറിയില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി നിശാന്ത് പറഞ്ഞു. അമ്മയ്ക്ക് പണം അയച്ചാൽ അല്ലെങ്കിൽ അവളുടെ പിതാവിന് ഒരു പുസ്തകം സമ്മാനിച്ചാലൊക്കെ അനീഷ് ശ്രുതിയെ ഉപദ്രവിക്കുമായിരുന്നു. ടെക്കിയായ അനീഷിന് എപ്പോഴും ജോലി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവമാണെന്ന് പിതാവ് നാരായണന്‍ പറഞ്ഞു. പി.എഫ് അക്കൗണ്ട് നോമിനിയായി അമ്മക്ക് പകരം തന്‍റെ പേര് ആക്കണമെന്നാവശ്യപ്പെട്ട് ശ്രുതിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ വൈകിയപ്പോഴും അയാൾ അവളെ ഉപദ്രവിച്ചു. അവള്‍ 8 ലക്ഷം മുടക്കി സ്വന്തമായി ഒരു കാര്‍ വാങ്ങിയപ്പോഴും അത് അനീഷിന്‍റെ പേരിലാക്കാന്‍ നിര്‍ബന്ധിച്ചതായും നാരായണന്‍ പറഞ്ഞു.

ജനുവരി 15നുണ്ടായ വഴക്കിനെത്തുടർന്ന് അനീഷ് ശ്രുതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെന്ന് നിശാന്ത് വൈറ്റ്ഫീൽഡ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫെബ്രുവരിയിൽ കാസർകോട് വിദ്യാനഗറിലെ നാരായണന്‍റെ വീട്ടിൽ ഇരുകുടുംബങ്ങളും ഒത്തുതീർപ്പിനായി ഒത്തുകൂടി. ബന്ധം അവസാനിപ്പിക്കാമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനീഷ് ക്ഷമാപണം നടത്തുകയും തെറ്റു തിരുത്താമെന്ന് പറയുകയും ചെയ്തതായി നാരായണന്‍ പറഞ്ഞു. എന്നാൽ അടുത്ത ദിവസം ശ്രുതിയെ വീട്ടിൽ ഇറക്കി വിട്ടിട്ട് അനീഷ് സ്വന്തം വീട്ടിലേക്കു പോയതായും നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News