ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായവരെ ക്രൂരമായി മർദിച്ചു; സി.ബി.ഐക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ
കേസിൽ തൻ്റെ പേര് പറയിപ്പിക്കാൻ ആണ് അന്വേഷണ സംഘത്തിൻ്റെ നീക്കമെന്നും കെജ്‌രിവാൾ ആരോപിച്ചു
ന്യൂ ഡൽഹി: സി.ബി.ഐക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായവരെ ക്രൂരമായി മർദിച്ചെന്നും കേസിൽ തൻ്റെ പേര് പറയിപ്പിക്കാൻ ആണ് അന്വേഷണ സംഘത്തിൻ്റെ നീക്കമെന്നും കെജ്‌രിവാൾ ആരോപിച്ചു.
അന്വേഷണ സംഘങ്ങൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. നൂറുകോടി രൂപയുടെ അഴിമതി ആരോപിക്കുന്ന അന്വേഷണ സംഘം ഇത് വരെ ഒരു രൂപ പോലും പിടിച്ചെടുത്തില്ല. ഇതിനായി എത്രയോ തവണ റെയ്ഡ് നടത്തി. ഗോവ തെരഞ്ഞെടുപ്പിൽ പണം ചെലവഴിച്ചു എന്ന ആരോപണവും കെജ്‌രിവാൾ നിഷേധിച്ചു.
നാളെ സി.ബി.ഐക്ക് മുന്നിൽ ഹാജരാകുമെന്നും കെജ്‌രിവാൾ പറഞ്ഞു. മദ്യനയ കേസിൽ സിബിഐ ഇന്നലെ കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നു.
കേസിൽ നേരത്തെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ ആംആദ്മി പാർട്ടി ഐ.ടി വിഭാഗം മേധാവി വിജയ് നായർ മനീഷ് സിസോദിയയുടേയും അരവിന്ദ് കെജ്‌രിവാളിന്റേയും പ്രതിനിധിയായാണ് സൗത്ത് ഗ്രൂപ്പുമായി ചർച്ചകളിൽ പങ്കെടുത്തത് എന്ന് ആരോപിച്ചിരുന്നു.
ഇതു സംബന്ധിച്ച് ചില തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ അവകാശപ്പെട്ടിരുന്നു. വിവാദ മദ്യനയം ഇവരുടെ ആശയമായിരുന്നെന്നും സിബിഐ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ നോട്ടീസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാവുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.