മുംബൈ ട്രെയിൻ സ്ഫോടനം: മതിയായ തെളിവുകളില്ല, പ്രതികൾ നിരപരാധികളെന്ന് മുതിർന്ന അഭിഭാഷകൻ ബോംബെ ഹൈക്കോടതിയിൽ

2006 ജൂലൈ 11 നാണ് മുംബൈയിലെ ഏഴ് പടിഞ്ഞാറൻ സബർബൻ കോച്ചുകളിൽ ബോംബ് സ്ഫോടന പരമ്പരയുണ്ടായത്

Update: 2025-01-14 11:52 GMT
Editor : സനു ഹദീബ | By : Web Desk
Advertising

മുംബൈ: 2006 ജൂലൈ 11 ലെ ലോക്കൽ ട്രെയിൻ സ്‌ഫോടന പരമ്പര കേസിലെ പ്രതികൾ നിരപരാധികളാണെന്ന് മുതിർന്ന അഭിഭാഷകൻ എസ് മുരളീധർ ബോംബെ ഹൈക്കോടതിയിൽ. മതിയായ തെളിവുകളില്ലാതെ 18 വർഷമായി ഇവർ ജയിലിൽ കഴിയുകയാണെന്നും അദ്ദേഹം കോടതിയ അറിയിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് മുന്നിൽ, കേസിൽ ജീവപര്യന്തം  ലഭിച്ച രണ്ട് പ്രതികൾക്ക് വേണ്ടിയാണ് എസ് മുരളീധർ ഹാജരായത്.

2006 ജൂലൈ 11 നാണ് മുംബൈയിലെ ഏഴ് പടിഞ്ഞാറൻ സബർബൻ കോച്ചുകളിൽ ബോംബ് സ്ഫോടന പരമ്പരയുണ്ടായത്. സംഭവത്തിൽ 189 യാത്രക്കാർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ട് വർഷത്തെ വിചാരണയ്ക്ക് ശേഷം, മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിന് (MCOCA) കീഴിലുള്ള പ്രത്യേക കോടതി 2015 ഒക്ടോബറിൽ അഞ്ച് പ്രതികൾക്ക് വധശിക്ഷയും മറ്റ് ഏഴ് പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.

ബിഹാർ സ്വദേശിയായ കമാൽ അൻസാരി, മുംബൈ സ്വദേശിയായ മുഹമ്മദ് ഫൈസൽ അതാർ റഹ്മാൻ ഷെയ്ഖ്, താനെ സ്വദേശിയായ എഹ്‌തേഷാം കുതുബുദ്ദീൻ സിദ്ദിഖി, സെക്കന്തരാബാദ് സ്വദേശിയായ നവീദ് ഹുസൈൻ ഖാൻ, മഹാരാഷ്ട്രയിലെ ജൽഗാവിൽ സ്വദേശിയായ ആസിഫ് ഖാൻ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ബോംബ് സ്ഥാപിച്ചതിൽ ഇവർ നേരിട്ട് പങ്കാളികളായതായി കോടതി കണ്ടെത്തിയിരുന്നു. ഇതിൽ കമൽ അൻസാരെ 2021 ൽ നാഗ്പൂർ ജയിലിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

തൻവീർ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അൻസാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ്, മർഗുബ് അൻസാരി, മുസമ്മിൽ അതാർ റഹ്മാൻ ഷെയ്ഖ്, സുഹൈൽ മെഹ്മൂദ് ഷെയ്ഖ്, ഷമീർ ഷമീർ അഹ്മാൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

2015 ൽ പ്രതികളുടെ ശിക്ഷ സ്ഥിരീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ മുംബൈ ഹൈക്കോടതിയ സമീപിച്ചിരുന്നു. പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടർന്ന് 2024 ജൂലൈയിൽ അപ്പീലുകൾ കേൾക്കാനായി ജസ്റ്റിസുമാരായ അനിൽ എസ് കിലോറും, ശ്യാം സി ചന്ദക്കും അടങ്ങുന്ന പ്രത്യേക ബെഞ്ച് രുപീകരിക്കുകയായിരുന്നു.

അന്വേഷണത്തിൽ പക്ഷപാതം ഉണ്ടായെന്നും ജയിലിൽ കഴിയുന്നവർ നിരപരാധികൾ ആണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ പീഡിപ്പിച്ചാണ് കുറ്റസമ്മത മൊഴി നേടിയത്. പ്രതികളുടെ ജീവിതത്തിലെ സുപ്രധാനമായ വർഷങ്ങൾ ജയിലിൽ തീർന്നു. ഒരു ദിവസം പോലും അവർ പുറത്തിറങ്ങിയിട്ടില്ല. ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന കേസുകളിൽ അന്വേഷണ ഏജൻസികൾ മുൻധാരണകളോടെയാണ് പ്രതികളെ സമീപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News