2024ൽ ബിജെപി തോറ്റെന്ന സക്കര്‍ബര്‍ഗിന്‍റെ പരാമർശം: മെറ്റയ്‍ക്ക് സമന്‍സ് അയയ്‍ക്കാന്‍ പാർലമെന്റ് സമിതി

'ജോ റോഗൻ എക്‌സ്പീരിയൻസ്' പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ പരാമർശം

Update: 2025-01-14 12:25 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗിന് സമൻസ് അയക്കാനൊരുങ്ങി പാർലമെന്റ് സമിതി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ബിജെപി പരാജയപ്പെട്ടുവെന്ന തരത്തിലുള്ള സക്കർബർഗിന്റെ പരാമർശത്തിലാണു നടപടി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മെറ്റ മാപ്പുപറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ബിജെപി എംപിയുമായ നിഷികാന്ത് ദുബേ പറഞ്ഞു.

തെറ്റായ വിവരങ്ങൾ ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. അതുകൊണ്ടുതന്നെ ഇന്ത്യൻ പാർലമെന്റിനോടും ജനങ്ങളോടും മെറ്റ മാപ്പുപറയണമെന്നും ബിജെപി എംപി പറഞ്ഞു.

'ജോ റോഗൻ എക്‌സ്പീരിയൻസ്' പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മാർക്ക് സക്കർബർഗിന്റെ പരാമർശം. ലോകമെമ്പാടും അധികാരത്തലുണ്ടായിരുന്ന സർക്കാരുകളുടെ വിശ്വാസത്തകർച്ചയ്ക്ക് കോവിഡ്-19 കാരണമായെന്ന് പറഞ്ഞ സുക്കർബർഗ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് ഇന്ത്യ ആയിരുന്നു. അത്തരം സർക്കാരുകൾ പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തൊട്ടുപിന്നാലെ, സക്കർബർഗിന്റെ പരാമർശം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. ഇന്ത്യയിലെ 64 കോടി വോട്ടർമാർ അവരുടെ വിശ്വാസം വീണ്ടും അർപ്പിച്ചത് നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിലാണെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചത്. 2024 തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ അധികാരത്തിലുണ്ടായിരുന്ന സഖ്യം തോറ്റുവെന്ന് സക്കർബർഗ് പറയുന്നത് കള്ളമാണെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

Summary: Parliamentary panel to summon Meta over Mark Zuckerberg's remark on 2024 India polls

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News