ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ നടപടി വൈകുന്നു; പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ

വിനേഷ് ഫോഗട്ടിന്റെ പിന്നാലെ കൂടുതൽ കായികതാരങ്ങൾ പുരസ്‌കാരങ്ങൾ തിരികെ നൽകിയേക്കും

Update: 2023-12-27 07:53 GMT
Advertising

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ നടപടിവൈകുന്നതിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ. വിനേഷ് ഫോഗട്ടിനു പിന്നാലെ കൂടുതൽ കായികതാരങ്ങൾ പുരസ്‌കാരങ്ങൾ തിരികെ നൽകിയേക്കും. പ്രതിഷേധങ്ങൾക്കിടെ ഗുസ്തി താരങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയെ സസ്‌പെൻഡ് ചെയ്‌തെങ്കിലും കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഗുസ്തി താരങ്ങൾ തുടരുകയാണ്.

ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന വിനേഷ് ഫോഗട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ കായികതാരങ്ങൾ പുരസ്‌കാരങ്ങൾ തിരികെ നൽകിയേക്കമെന്നാണ് സൂചന. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബജ്രംഗ് പുനിയയുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ ജജറിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ തനിക്കൊപ്പം വ്യായാമം ചെയ്തെന്നും, ഗുസ്തിക്കാരുടെ ദിനചര്യയും മറ്റും നേരിട്ടറിയാനാണ് രാഹുൽ എത്തിയത് എന്നും ബജ്രംഗ് പുനിയ പറഞ്ഞു.

അർജുന-ഖേൽരത്‌ന പുരസ്‌കാരങ്ങൾ തിരികെ നൽകുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. ബജ്‌റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരികെ നൽകിയിരുന്നു.ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് വിനേഷ് ഫോഗട്ടിന്റെ നടപടി. ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായതാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്താൻ കാരണം. ഒളിമ്പിക്‌സ് മെഡൽ ജേതാവായ സാക്ഷി മാലിക് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

പ്രതിഷേധം കനത്തതോടെ ഗുസ്തി ഫെഡ്‌റേഷൻ ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഗുസ്തി താരങ്ങൾ വീണ്ടും ഉയർത്തുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News