ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ

രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയടങ്ങുന്ന അതീവ രഹസ്യ രേഖയായ വാ൪ ബുക്ക് തയ്യാറാക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്

Update: 2021-08-01 09:09 GMT
Editor : ubaid | By : ubaid
Advertising

ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. അതീവ രഹസ്യ രേഖയായ വാർബുക്കിൽ മഹാരാഷ്ട്രയിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇടംപിടിച്ചു. ഭീമ കൊറഗാവ് കേസിൽ അഭിഭാഷകനായ നിഹാൽസിങ് റാത്തോഡും ഭീമ കൊറഗാവ് കേസിൽ എൻഐഎ തടവിലിട്ട മുതിർന്ന അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങിന്റെ ഭാര്യ മിനാൽ ഗാഡ്ലിങും ആക്ടിവിസ്റ്റ് പ്രൊഫസർ അരവിന്ദ് സോവനും പട്ടികയിലുണ്ട്.

രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയടങ്ങുന്ന അതീവ രഹസ്യ രേഖയായ വാ൪ ബുക്ക് തയ്യാറാക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ഇതിലുൾപ്പെടേണ്ടവരുടെ പേര് വിവരം കൈമാറേണ്ടത് സംസ്ഥാന സ൪ക്കാറുകളും. രാജ്യത്തെ ഭരണസംവിധാനം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവ൪ മാത്രം ഇടംപിടിക്കേണ്ട പട്ടികയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവ൪ത്തകരും ഇടംപിടിച്ചെന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തൽ.

ഭീമ കൊറേഗാവ് കേസിൽ പ്രവ൪ത്തിക്കുന്ന അഭിഭാഷകനായ നിഹാൽസിങ് റാത്തോഡിന്റെ വീട്ടിൽ പൊലീസുദ്യോഗസ്ഥ൪ ജൂലൈ ആദ്യവാരം റെയ്ഡിനെത്തിയപ്പോഴാണ് ഭരണകൂട നീക്കം വെളിച്ചത്തായത്. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫുമായി 2018ൽ ആശയവിനിമയം നടത്തിയത് കുറ്റകരമായ പ്രവ൪ത്തിയായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥ൪ ചൂണ്ടിക്കാണിച്ചെന്ന് റാത്തോഡ് വ്യക്തമാക്കി.

ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ മുതി൪ന്ന ക്രിമിനൽ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങിന്റെ ജൂനിയറായി പ്രവ൪ത്തിച്ചിരുന്ന നിഹാൽസിങ് പെഗാസസ് ഉപയോഗിച്ച് നടത്തിയ വാട്സാപ് ചോ൪ത്തലിന് ഇരയായിരുന്നു. നിഹാൽ സിങ് റാത്തോഡിന് പുറമെ സുരേന്ദ്ര ഗാഡ്ലിങിന്റെ ഭാര്യ മിനാൽ ഗാഡ്ലിങും ആക്ടിവിസ്റ്റായ പ്രൊഫ. അരവിന്ദ് സോവാനിയും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ubaid

contributor

Similar News