നടന്‍ വജ്ര സതീഷ് കുത്തേറ്റു മരിച്ചു; ഭാര്യാസഹോദരന്‍ അറസ്റ്റില്‍

വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്

Update: 2022-06-20 03:52 GMT
നടന്‍ വജ്ര സതീഷ് കുത്തേറ്റു മരിച്ചു; ഭാര്യാസഹോദരന്‍ അറസ്റ്റില്‍
AddThis Website Tools
Advertising

ബെംഗളൂരു: കന്നഡ നടന്‍ വജ്ര സതീഷിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാസഹോദരൻ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു.

ആർ.ആർ നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ വാതിലിനു സമീപം രക്തം കണ്ടതോടെ അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബലംപ്രയോഗിച്ച് വീട് തുറന്നപ്പോള്‍ കിടപ്പുമുറിയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.

സതീഷ് നാലു വർഷം മുന്‍പാണ് വിവാഹം ചെയ്തത്. ഭാര്യ ഏഴു മാസം മുന്‍പ് മരിച്ചു. ഒരു കുട്ടിയുണ്ട്. സതീഷ് ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും അതാണ് മരണ കാരണമെന്നും ഭാര്യയുടെ സഹോദരന്‍ സുദര്‍ശന്‍ ആരോപിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും കുടുംബം ആരോപിച്ചു. ഇക്കാരണത്താൽ സുദർശൻ സതീഷിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

സുഹൃത്തായ നാഗേന്ദ്രയുടെ സഹായത്തോടെയാണ് സുദര്‍ശന്‍ സതീഷിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഭാര്യാവീട്ടുകാരുടെ സംരക്ഷണയിലായിരുന്നു കുട്ടി. ഇതോടെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ സതീഷ് കോടതിയെ സമീപിച്ചതും വൈരാഗ്യം വര്‍ധിപ്പിച്ചെന്ന് പൊലീസ് പറയുന്നു.

സതീഷിനെ കുത്തിക്കൊന്ന ശേഷം വീട് പൂട്ടി സുദര്‍ശനും സുഹൃത്തും രക്ഷപ്പെടുകയായിരുന്നു. 'ലഗോരി' ഉൾപ്പെടെ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള സതീഷ് സലൂൺ നടത്തുകയായിരുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News