വീട്ടിലുമില്ല, മൊബൈൽ ഫോണും സ്വിച്ച് ഓഫ്; വിദേശത്ത് നിന്നെത്തിയ 109 പേരെ ഇനിയും കണ്ടെത്താനായില്ല

കഴിഞ്ഞ മാസം വിദേശരാജ്യങ്ങളിൽ നിന്ന് മുംബൈയിലെത്തിയ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ താമസിക്കുന്നത്.

Update: 2021-12-07 05:17 GMT
Editor : Lissy P | By : Web Desk
Advertising

ഒമിക്രോൺ ഭീതിയുടെ സാഹചര്യത്തിൽ  മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അടുത്തിടെ മടങ്ങിയെത്തിയ 109 വിദേശികളെ ഇനിയും കണ്ടെത്താനായില്ല. ഇവരുടെ മൊബൈൽ ഫോണുകൾ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് കല്യാൺ ഡോംബിവാലി മുൻസിപ്പൽ കോർപറേഷൻ മേധാവി വിജയ് സൂര്യവൻഷി അറിയിച്ചു. ഇവർ അവസാനം നൽകിയ വിലാസങ്ങളിൽ ചെന്നന്വേഷിച്ചപ്പോൾ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  വിദേശരാജ്യങ്ങളിൽ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ താമസിക്കുന്നത്.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം കൊവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അതത് ഹൗസിങ് സൊസൈറ്റി അംഗങ്ങളാണ് ഉറപ്പുവരുത്തേണ്ടത്. വിവാഹം പോലെ ആളുകൾ കൂടുന്ന ചടങ്ങുകളിലും നിയന്ത്രണമേർപ്പെടുത്തും.

മഹാരാഷ്ട്രയിൽ 10 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നവംബർ 25 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിലെത്തിയ 37 കാരനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈയിലെത്തിയ രണ്ടുപേർക്കു കൂടി രോഗം കണ്ടെത്തിയത്.ഇതോട് കൂടി വിമാനത്താവളങ്ങളിലെത്തുന്നവരെ കർശനമായി നിരീക്ഷിച്ചുവരികയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News