‘ചർച്ചകളിൽ ഗൗതം അദാനി പങ്കെടുത്തിട്ടില്ല’; ആരോപണം നിഷേധിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
സർക്കാർ രൂപീകരണ ചർച്ചകളിൽ അദാനി പങ്കെടുത്തെന്ന വിവരം വെളിപ്പെടുത്തിയത് അജിത് പവാർ
മുംബൈ: 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബിജെപി-എൻസിപി സഖ്യ സാധ്യതാ ചർച്ചയിൽ വ്യവസായി ഗൗതം അദാനിയും പങ്കെടുത്തെന്ന ആരോപണം തള്ളി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ‘മുമ്പ് ഞങ്ങളുടെ ചർച്ചകളിലൊന്നും അദാനി പങ്കെടുത്തിട്ടില്ല’ -ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെയാണ് ബിജെപിയെ വെട്ടിലാക്കി ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വെളിപ്പെടുത്തലുണ്ടായത്. 2019ൽ ഗൗതം അദാനിയുടെ വീട്ടിൽ വെച്ച് ബിജെപി-എൻസിപി സർക്കാർ രൂപീകരണ ചർച്ച നടന്നുവെന്നാണ് അജിത് പവാർ വെളിപ്പെടുത്തിയത്. ചർച്ചകളിൽ അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ്, ശരദ് പവാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കൊപ്പം അദാനിയും സംബന്ധിച്ചിരുന്നുവെന്നും എൻസിപി നേതാവിന്റെ വെളിപ്പെടുത്തലിലുണ്ട്.
'ന്യൂസ്‌ലോൺഡ്രി'യുടെ ശ്രീനിവാസൻ ജെയിനിനു നൽകിയ അഭിമുഖത്തിലാണ് 2019ൽ മൂന്നു ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ബിജെപി-എൻസിപി സർക്കാർ രൂപീകരണത്തിനു പിന്നിൽ നടന്ന ചർച്ചയെക്കുറിച്ച് അജിത് പവാർ സംസാരിച്ചത്. ഡൽഹിയിലെ അദാനിയുടെ വസതിയിലായിരുന്നു നേതാക്കൾ ചർച്ചയ്ക്കായി കൂടിയതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയും താൻ ഉപമുഖ്യമന്ത്രിയുമായി സർക്കാർ രൂപീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
'അഞ്ചു വർഷമായി ആ യോഗം ചേർന്നിട്ട്. എവിടെയാണ് അതു നടന്നതെന്ന് എല്ലാവർക്കും അറിയാം. ഡൽഹിയിൽ ഒരു ബിസിനസുകാരന്റെ വീട്ടിലായിരുന്നു യോഗം. അഞ്ച് യോഗങ്ങൾ ചേർന്നു. എല്ലാവരും അവിടെയുണ്ടായിരുന്നു. അമിത് ഷായും ഗൗതം അദാനിയും പ്രഫുൽ പട്ടേലും ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ശരദ് പവാറുമെല്ലാം. എല്ലാം അവിടെവച്ചാണു തീരുമാനിച്ചത്'-അജിത് പവാർ അഭിമുഖത്തിൽ വെളിപ്പെടുത്തി.
അജിത് പവാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷം ആരോപണവുമായി രംഗത്തുവന്നിരുന്നു. മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരത്തിലെത്തിയതിന് പിന്നിൽ വ്യവസായി ഗൗതം അദാനിക്ക് ബന്ധമുണ്ടോയെന്ന് ശിവ സേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ചോദിച്ചു.
‘മുതിർന്ന മന്ത്രി ഡിജിറ്റൽ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിൽ, മഹാരാഷ്ട്രയിൽ എങ്ങനെ ബിജെപിയെ അധികാരത്തിലെത്തിക്കാമെന്നത് സംബന്ധിച്ച യോഗങ്ങളിൽ ഗൗതം അദാനിയും ഇരുന്നതായി പറയുന്നു. ഇത് ചില ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അദ്ദേഹം ബിജെപിയുടെ അംഗീകൃത ഇടനിലക്കാരനാണോ? സഖ്യങ്ങൾ ശരിയാക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് നൽകിയിട്ടുണ്ടോ? എന്തുകൊണ്ടാണ് ഒരു വ്യവസായി മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ ഇത്ര ശ്രദ്ധയോടെ പ്രവർത്തിക്കുന്നത്? പറയൂ ധാരാവി പറയൂ’ -എന്നായിരുന്നു പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റ്.
കോൺഗ്രസ് നേതാവ് പവൻ ഖേരയും സമാന ചോദ്യവുമായി രംഗത്തുവന്നു. ‘മോദിയും അദാനിയും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിൽ ഇനി മറ്റൊന്നുമില്ല എന്ന് നിങ്ങൾ കരുതുമ്പോൾ, ലജ്ജിപ്പിക്കുന്ന പുതിയ ഉദാഹാരണം പുറത്തുവരും. സർക്കാരുകളെ താഴെയിറക്കാനുള്ള ചർച്ചകളുടെ ഭാഗമാകാൻ ഒരു ബിസിനസുകാരനെ എങ്ങനെ ഔദ്യോഗികമായി അനുവദിക്കാനാകും?’ -പവൻ ഖേര ‘എക്സി’ൽ കുറിച്ചു. അദാനി പങ്കെടുത്ത യോഗത്തിൽ താനുമുണ്ടായിരുന്നുവെന്ന് എൻസിപി നേതാവ് അജിത് പവാർ പറയുന്ന വിഡിയോയും അദ്ദേഹം ട്വീറ്റിന്റെ കൂടെ പങ്കുവെച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന മുംബൈയിലെ ധാരാവി പുനർവികസന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചത് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരാണ്. അദാനിക്ക് കീഴിലെ കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി സുതാര്യമല്ലെന്ന് കാണിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുണ്ട്.