ആദിത്യ കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം; ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ
ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ ഈ ലക്ഷ്യത്തിലെത്തുന്ന ചുരുങ്ങിയ രാജ്യങ്ങളിൽ ഒന്നാവും ഇന്ത്യ
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയരുമ്പോൾ ഐ.എസ്.ആർ.ഒ ചരിത്രം കുറിക്കുകയാണ്. ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ ഈ ലക്ഷ്യത്തിലെത്തുന്ന ചുരുങ്ങിയ രാജ്യങ്ങളിൽ ഒന്നാവും ഇന്ത്യ.
1974 ലാണ് ലോകത്തിലെ തന്നെ ആദ്യ സൗരോർജ്ജ ദൗത്യം ആരംഭിച്ചത്. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയും നാസയും സഹകരിച്ച് 1974-ലും 1976-ലും ഹീലിയോസ് 1, ഹീലിയോസ് 2 എന്നീ പേടകങ്ങൾ വിക്ഷേപിച്ചു.മറ്റേതൊരു പേടകത്തെക്കാളും സൂര്യനോട് അടുത്ത് സഞ്ചരിക്കാൻ ഹീലിയോസിന് സാധിച്ചു.
സൗര ദൗത്യങ്ങളിൽ മുന്നിട്ട് നിൽക്കുന്ന നാസ 1995 ൽ ജപ്പാൻ എയറോസ്പെയ്സ് എക്സ്പ്ലൊറേഷൻ ഏജൻസിയുമായി ചേർന്ന് സോഹോ വിക്ഷേപിച്ചു. തുടർവർഷങ്ങളിലും സൗര ദൗത്യങ്ങൾ പരീക്ഷിച്ച നാസ 2020ൽ ബഹിരാകാശ കാലാവസ്ഥയെ കുറിച്ച പഠിക്കാൻ യൂറോപ്യൻ സ്പെയ്സ് ഏജൻസിയുമായി ചേർന്ന് സോളാർ ഓർബിറ്റർ വിക്ഷേപിച്ചു. നാസക്ക് പുറമെ സൗര ദൗത്യങ്ങളിൽ പ്രധാനികളാണ് ജപ്പാനും ചൈനയും യൂറോപ്യൻ യൂണിയനും. ഇന്ന് വിജയകരമായി ലക്ഷ്യത്തിലെത്തിയാൽ നേട്ടം കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം ഉറപ്പിക്കാം.