ഹലാൽ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചതിന് പിന്നാലെ യു.പിയിൽ മാളുകളിൽ റെയ്ഡ്; എട്ട് കമ്പനികൾക്കെതിരെ കേസ്
ശനിയാഴ്ചയാണ് ഹലാൽ ടാഗുള്ള ഉൽപ്പന്നങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
ലഖ്നൗ: ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന യു.പി സർക്കാർ നിരോധിച്ചതിനു പിന്നാലെ മാളുകളിൽ റെയ്ഡ്. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്എസ്ഡിഎ) സംഘമാണ് തിങ്കളാഴ്ച ലഖ്നൗവിലെ സഹാറാ മാൾ അടക്കമുള്ളവയിൽ പരിശോധന നടത്തിയത്.
ശീതളപാനീയങ്ങൾ, മാംസം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുൾപ്പെടെ മാളിൽ വിൽക്കുന്ന ഹലാൽ സാക്ഷ്യപ്പെടുത്തിയ വിവിധതരം ഉൽപ്പന്നങ്ങൾ സംഘം പരിശോധിച്ചു. തുടർന്ന് എഫ്എസ്ഡിഎ എട്ട് കമ്പനികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
ശനിയാഴ്ചയാണ് ഹലാൽ ടാഗുള്ള ഉൽപ്പന്നങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.
ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ നിർമിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്‌നൗവിൽ ബി.ജെ.പി പ്രവർത്തകന്റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്നു സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഹലാൽ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജംഇയ്യത്തുൽ ഉലമ മഹാരാഷ്ട്ര എന്നീ സംഘടനകൾക്കെതിരെയാണ് കേസെടുത്തത്. ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 153 എ (വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 471 (വ്യാജ രേഖകളുടെ ഉപയോഗം) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വിശദീകരിച്ചിരുന്നു.