അഗ്നിപഥില്‍ പ്രതിഷേധം തുടരുന്നു: വ്യോമസേനാ വിജ്ഞാപനം ഇന്ന്
കര നാവിക സേനാ വിഭാഗങ്ങൾ വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു
ഡല്‍ഹി: പ്രതിഷേധങ്ങൾ തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതിയിൽ വ്യോമസേനാ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. കര നാവിക സേനാ വിഭാഗങ്ങൾ വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇന്ന് ആരംഭിക്കുന്ന ബിഹാർ നിയമസഭാ സമ്മേളനത്തിൽ അഗ്നിപഥ് പ്രതിഷേധം ഉന്നയിക്കാൻ ആണ് പ്രതിപക്ഷമായ ആർ.ജെ.ഡിയുടെ നീക്കം.
ഗവർണറെ നേരിൽ കണ്ട് ഇന്നലെ ആർ.ജെ.ഡി നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ പരാതി നൽകിയിരുന്നു. അഗ്നിപഥ് പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ സർക്കാർ അന്വേഷണം കാര്യക്ഷമമല്ലെന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ ആർ.ജെ.ഡി ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നിയമ സഭയിലേക്ക് കൊണ്ട് വരാൻ ആണ് ആർ.ജെ.ഡി നീക്കം. പ്രതിഷേധക്കാരും പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ബീഹാറിൽ ഒരാൾ മരിച്ചു. നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ജനജീവിതത്തെ പ്രതിഷേധം കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭ സമ്മേളന കാലയളവ് പ്രക്ഷുബ്ധമാക്കിയേക്കും.
എന്നാൽ പ്രതിഷേധങ്ങൾ വക വെയ്ക്കാതെ മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാരും സേനയും. കര നാവിക സേനകൾക്ക് പിന്നാലെ വ്യോമസേന വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും. മറ്റ് സേനാ വിജ്ഞാപനങ്ങളെ അപേക്ഷിച്ച് വ്യോമസേനയുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റങ്ങൾ ഉണ്ടാകില്ല. രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതിനിടെയാണ് പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന സന്ദേശം കേന്ദ്ര സർക്കാരും നൽകുന്നത്.