അഗ്നിപഥ്: യു.പിയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ അടിച്ചുതകര്‍ത്തു, ബിഹാറില്‍ ട്രെയിനിന് തീയിട്ടു
അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും പ്രതിഷേധം
പറ്റ്ന: സേനയിലെ ഹ്രസ്വകാല നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും പ്രതിഷേധം. ബിഹാറിൽ പാസഞ്ചർ ട്രെയിന് തീയിട്ടു. മൊഹിയുദ്ദി നഗര്‍ സ്റ്റേഷനിലാണ് പാസഞ്ചർ ട്രെയിൻ കത്തിച്ചത്. ജമ്മുതാവി-ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിനും പ്രതിഷേധക്കാര്‍ തീയിട്ടു. ബിഹാറിലെ സമസ്തിപൂര്‍, ആര എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടായി.
ഉത്തര്‍പ്രദേശിലും ശക്തമായ പ്രതിഷേധമുണ്ട്. ബാലിയ സ്റ്റേഷനില്‍ ഒരു ട്രെയിൻ പ്രതിഷേധക്കാർ അടിച്ചു തകർത്തു. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.
അതിനിടെ പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരാൻ ഉള്ള ഉയർന്ന പ്രായപരിധി കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. വരുൺ ഗാന്ധി എംപി ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അഗ്നിപഥ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്രസർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി 21ല്‍ നിന്നും 23 ആക്കി കേന്ദ്രസർക്കാർ ഉയർത്തി. കഴിഞ്ഞ രണ്ടു വർഷമായി സേനയിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിൻറെ അവകാശവാദം.
ബിഹാർ, യുപി ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചേക്കാം എന്നാണ് കേന്ദ്ര സർക്കാരിൻറെ ആശങ്ക. ബിഹാറിൽ മാത്രം ഇന്നലെ 10 ജില്ലകളിൽ നടന്ന സംഘർഷങ്ങളിൽ മൂന്ന് ട്രെയിനുകൾക്കാണ് പ്രതിഷേധക്കാർ തീവെച്ചത്. കോൺഗ്രസ്, ജെ.ഡി.യു, സി.പി.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന് പിന്തുണയുമായി ഹരിയാന സംസ്ഥാന സർക്കാര്‍ അഗ്നിപഥ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരുന്നവർക്ക് സംസ്ഥാന പൊലീസിൽ പരിഗണന നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.