ഡൽഹിയിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്
പൊലീസ് കോൺസ്റ്റബിളായിരുന്ന കിരൺപാലിനെ കൊലപ്പെടുത്തിയ രാഘവ് ഏലിയാസ് റോക്കിയാണ് കൊല്ലപ്പെട്ടത്.
ന്യൂഡൽഹി: ഡൽഹിയിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്. പൊലീസ് കോൺസ്റ്റബിളായിരുന്ന കിരൺപാലിനെ കൊലപ്പെടുത്തിയ രാഘവ് ഏലിയാസ് റോക്കിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് കിരൺപാലിനെ തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരി ഏരിയയിൽവെച്ച് കൊലപ്പെടുത്തിയത്.
ലോക്കൽ പൊലീസും സ്‌പെഷ്യൽ സെല്ലും ക്രൈംബ്രാഞ്ചും സംയുക്തമായാണ് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നത്. ശനിയാഴ്ച രാത്രിയോടെ റോക്കിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. അർധരാത്രിയോടെ റോക്കിയെ പിടികൂടാനായി എത്തിയപ്പോൾ റോക്കി വെടിയുതിർക്കുകയായിരുന്നു. സ്വയം പ്രതിരോധിക്കാനായി തിരിച്ചുവെടിവെച്ചെന്നും അപ്പോൾ റോക്കി കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് നിന്ന് 0.32 ബോര്‍ പിസ്റ്റള്‍ കണ്ടെത്തിയെന്നും പോലിസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ തെക്ക് കിഴക്കൻ ഡൽഹിയിലെ ആര്യസമാജ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കോൺസ്റ്റബിളായ കിരൺപാൽ കുത്തേറ്റുമരിച്ചത്. ഇവിടെ പൊലീസ് ബൂത്തിൽ കോൺസ്റ്റബിൾമാരായ ബനായ് സിങ്, സുനിൽ എന്നിവർക്കൊപ്പമാണ് കിരൺപാൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. പുലർച്ചെ 4.45ന് സുനിൽ അവിടെനിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് കിരൺപാൽ എത്തിയില്ല എന്നത് അദ്ദേത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹത്തിന്റെ ഫോണിൽ വിളിച്ചപ്പോൾ മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുത്തേറ്റ് ബോധരഹിതനായ രീതിയിൽ കിരൺലാലിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.