യാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച യാത്രക്കാരന് വിലക്കേർപ്പെടുത്തി എയർ ഇന്ത്യ
പരാതി അന്വേഷിക്കാൻ എയർ ഇന്ത്യ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി: വിമാനത്തിലെ യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച കേസിൽ പ്രതിയായ യാത്രക്കാരന് യാത്രാ വിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ. ഒരു മാസത്തേക്കാണ് വിലക്ക്. ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത 71കാരിയുടെ മേൽ മൂത്രമൊഴിച്ചയാൾക്കാണ് കമ്പനി യാത്രാവിലക്കേർപ്പെടുത്തിയത്.
പരാതി അന്വേഷിക്കാൻ എയർ ഇന്ത്യ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 30 ദിവസത്തേക്കോ ആഭ്യന്തര കമ്മിറ്റിയുടെ തീരുമാനം വരുന്നത് വരെയോ ആണ് വിലക്ക്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയമലംഘനം നടത്തിയ യാത്രക്കാരനെതിരെ കൂടുതൽ നടപടിയെടുക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തെ വീഴ്ചകൾ അന്വേഷിക്കാനും പോരായ്മകൾ പരിഹരിക്കാനും ഞങ്ങൾ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരിയുമായും അവളുടെ കുടുംബവുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 26ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ന്യൂയോർക്ക് വിമാനം പോകുന്നതിനിടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ആഹാരം നൽകിയ ശേഷം മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ സീറ്റിനടുത്തേക്ക് വന്നശേഷം ദേഹത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നെന്നാണ് യാത്രക്കാരിയുടെ പരാതി. മൂത്രമൊഴിച്ച ശേഷം ഇയാൾ അവിടെ തന്നെ നിൽക്കുകയും ചെയ്തു.
എന്നാൽ പരാതി നൽകിയിട്ടും യാത്രക്കാരനെതിരെ നടപടിയെടുക്കാൻ വിമാനജീവനക്കാർ തയ്യാറായില്ലെന്നും യാത്രക്കാരി പറയുന്നു. വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോഴും ഒരു നടപടിയും ഇയാൾക്കെതിരെ എടുത്തില്ലെന്നും പരാതി കാബിൻ ക്രൂ നിരസിച്ചതായും യാത്രക്കാരി ആരോപിക്കുന്നു. തുടർന്ന് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം പുറത്തായതോടെ എയർ ഇന്ത്യയോട് ഡി.ജി.സി.എ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ഇയാൾ മൂത്രമൊഴിച്ച് തന്റെ വസ്ത്രമെല്ലാം നനഞ്ഞെന്നും വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിൽ സീറ്റുകൾ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റിൽ ഇരിക്കാൻ ജീവനക്കാർ നിർബന്ധിച്ചുവെന്നും യാത്രിക പരാതിപ്പെടുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നൽകിയതെന്നും ആരോപണമുണ്ട്.