വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചത് മുംബൈ വ്യവസായി; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

യാത്രക്കാരിയുടെ പരാതി കൈമാറുന്നതിൽ എയർ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ്

Update: 2023-01-06 03:37 GMT
Advertising

ഡല്‍ഹി: ന്യൂയോർക്ക് - ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. മുംബൈ സ്വദേശിയും വ്യവസായിയുമായ ശേഖർ മിശ്രയാണ് പ്രതിയെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ശേഖർ മിശ്രയ്ക്കെതിരെ ഡൽഹി പൊലീസ് കേസ് എടുത്തത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറുന്നതിൽ എയർ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്നും പൊലീസ് പറഞ്ഞു.

വെൽസ് ഫാർഗോ എന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ ഇന്ത്യാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് ശേഖർ മിശ്ര. ഡല്‍ഹി പൊലീസിന്റെ ഒരു സംഘം ശേഖര്‍ മിശ്രയെ അറസ്റ്റ് ചെയ്യാന്‍ മുംബൈയിൽ തുടരുകയാണ്. ശേഖര്‍ മിശ്രയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

കർണാടക സ്വദേശിനിയുടെ ദേഹത്ത് നവംബർ 26നാണ് മദ്യ ലഹരിയിൽ ആയിരുന്ന ശേഖർ മിശ്ര വിമാനത്തിൽ വെച്ച് മൂത്രം ഒഴിച്ചത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമ നടപടി വൈകിപ്പിച്ചതിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂവിനും പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

ശേഖര്‍ മിശ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് - ഡൽഹി വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളെയും പൊലീസ് ചോദ്യംചെയ്തേക്കും. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് എയർ ഇന്ത്യ ഡി.ജി.സി.എയ്ക്ക് നൽകി.

ഡിസംബർ 6ലെ പാരിസ് - ഡൽഹി എയർ ഇന്ത്യ വിമാനത്തിലും മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു. യാത്രക്കാരിയുടെ പരാതിയിൽ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും മാപ്പ് എഴുതി നൽകിയതിനാൽ തുടർനടപടികൾ അവസാനിപ്പിച്ചു.

Summary- The Delhi Police said it has urged the Bureau of Immigration to issue lookout circular against the man, who had allegedly urinated on his female co-passenger on an Air India flight, to prevent him from leaving the country

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News