അസമിൽ പൗരത്വ പ്രക്ഷോഭം പുനരാരംഭിക്കും: അഖിൽ ഗൊഗോയി
2026ൽ അസമിൽ പുതിയ സർക്കാരാകും അധികാരത്തിൽ വരിക. ബിജെപിയെ തുരത്താനുള്ള മുന്നേറ്റത്തിനു കൂടി ഇന്നു തുടക്കം കുറിക്കുകയാണ്- അസമിലെ കർഷക നേതാവും എംഎൽഎയുമായ അഖിൽ ഗൊഗോയി വ്യക്തമാക്കി
രണ്ടുവർഷത്തെ നീണ്ട തടവുജീവിതത്തിനുശേഷം ഗുവാഹത്തിയിലെ ജയിലിൽനിന്ന് പുറത്തിറങ്ങിയിരിക്കുകയാണ് അസം എംഎൽഎയും സാമൂഹികപ്രവർത്തകനുമായ അഖിൽ ഗൊഗോയി. രണ്ടു വർഷം മുൻപ് അസമിൽ നടന്ന പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഗൊഗോയിയെയും സുഹൃത്തുക്കളെയും ഗുരുതരമായ യുഎപിഎ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംസ്ഥാനത്ത് വീണ്ടും സജീവമാക്കുമെന്ന സൂചനയാണ് ജയിൽമോചിതനായ ഗൊഗോയി നൽകുന്നത്.
ഞാനിപ്പോൾ പുറത്തിറങ്ങിക്കഴിഞ്ഞു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ പുനരാരംഭിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുകയാണ്. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ജനങ്ങളുടെ പ്രശ്‌നങ്ങളോട് സഹാനുഭൂതി കാണിച്ചില്ല-നാഗാവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അഖിൽ ഗൊഗോയി വ്യക്തമാക്കി. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നേതാക്കൾ താൻ ജയിലിലായിരുന്ന ഘട്ടത്തിൽ ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി എന്നെ ജയിലിലാക്കിയാണ് വീണ്ടും അധികാരത്തിലെത്തിയത്. ഇനിയിത് ആവർത്തിക്കില്ല. 2026ൽ പുതിയൊരു സർക്കാരായിരിക്കും അധികാരമേൽക്കുക. ബിജെപിയെ തുരത്താനുള്ള 'ബിജെപി ഹട്ടാവോ' മുന്നേറ്റത്തിനുകൂടി ഇന്നു തുടക്കം കുറിക്കുകയാണ്-രായ്‌ജോർ ദൾ പ്രസിഡന്റ് കൂടിയായ അഖിൽ ഗൊഗോയി വ്യക്തമാക്കി.
കർഷക നേതാവ് കൂടിയായ ഗൊഗോയി ജയിലിലിരുന്നാണ് ജനവിധി തേടിയതും മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടതും. ജയിൽമോചിതനായ ശേഷം നേരെ സ്വന്തം മണ്ഡലമായ ശിവസാഗറിലേക്കാണ് അദ്ദേഹം പോയത്. ഗുവാഹത്തിയിൽനിന്ന് 400 കി.മീറ്റർ അകലെയുള്ള ശിവസാഗറിലേക്കുള്ള യാത്രാമധ്യേ പലയിടങ്ങളും ജനങ്ങൾ അഭിവാദ്യങ്ങളുമായി പാതയോരങ്ങളിൽ തടിച്ചുകൂടിയിരുന്നു.
പൗരത്വ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന അഖിൽ ഗൊഗോയിയെയും മൂന്നുനേതാക്കളെയും യുഎപിഎ കേസുകളിൽനിന്ന് കഴിഞ്ഞ ദിവസം എൻഐഎ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അസമിലുണ്ടായ വ്യാപക പ്രക്ഷോഭവുമായി ബന്ധപ്പെട്ടായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ദിബ്രുഗഢിലെ ചാബുവ പൊലീസ് സ്റ്റേഷനിലും ഗുവാഹത്തിയിലെ ചാന്ദ്മാരി പൊലീസ് സ്റ്റേഷനിലുമാണ് ഇവർക്കെതിരെ കേസുണ്ടായിരുന്നത്. നേതാക്കള്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച പൊലീസ് ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മത-ജാതി സ്പർധ വളർത്തൽ, ഭീകരവാദികളുമായുള്ള ബന്ധം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. ഇതിൽ ചാബുവ കേസ് നേരത്തെ കോടതി ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചാന്ദ്മാരി കേസിൽകൂടി ഇവരെ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.