യു.പിയില്‍ ജംഗിള്‍രാജ്, ബി.ജെ.പി ഭരണത്തിൽ ആരും സുരക്ഷിതരല്ല: അഖിലേഷ് യാദവ്

ചന്ദ്രശേഖർ ആസാദിന് വെടിയേറ്റതിനു പിന്നാലെയാണ് വിമര്‍ശനം

Update: 2023-06-28 15:04 GMT

അഖിലേഷ് യാദവ്

Advertising

ലഖ്നൌ: ചന്ദ്രശേഖർ ആസാദിന് നേരെയുണ്ടായ വധശ്രമത്തിനു പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ ജംഗിൾ രാജാണ്. ബി.ജെ.പി ഭരണത്തിൽ ആരും സുരക്ഷിതരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

"അധികാരത്താൽ സംരക്ഷിക്കപ്പെട്ട കുറ്റവാളികൾ നടത്തിയ കൊലപാതകശ്രമം അങ്ങേയറ്റം അപലപനീയവും ഭീരുത്വവുമാണ്. ബി.ജെ.പി ഭരണത്തിൽ ജനപ്രതിനിധികൾ സുരക്ഷിതരല്ലെങ്കിൽ പിന്നെ പൊതുസമൂഹത്തിന്റെ ഗതിയെന്താണ്? യു.പിയില്‍ ജംഗിള്‍ രാജാണ്"- എന്നാണ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്.

വധശ്രമത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഭീം ആർമി നേതാവും ആസാദ് സമാജ് പാർട്ടി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ് രക്ഷപ്പെട്ടത്. അജ്ഞാത സംഘത്തിന്‍റെ വെടിവപ്പിൽ ചന്ദ്രശേഖർ ആസാദിന് പരിക്കേറ്റു.

ഉത്തർപ്രദേശിലെ സഹറന്‍പൂരിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണമുണ്ടായത്. എതിർ ദിശയിൽ വരികയായിരുന്ന ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളെ താൻ കണ്ടിട്ടില്ലെങ്കിലും കൂടെയുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.

കാറിന് നേരെ നടന്ന വെടിവപ്പിൽ ഒരു വെടിയുണ്ട ആസാദിന്‍റെ വയറിലാണ് കൊണ്ടത്. ആസാദിന് സാരമായ പരിക്കില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആസാദിന്‍റെ ഇളയ സഹോദരൻ ഉൾപ്പടെ അഞ്ച് പേരാണ് ആക്രമണം നടന്നപ്പോൾ കാറിൽ ഉണ്ടായിരുന്നത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. 


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News