'മുസ്ലിം വോട്ടിന് വേണ്ടി അഖിലേഷ് യാദവ് മതം മാറാനും തയ്യാറാവും' : ഉത്തര്‍പ്രദേശ് മന്ത്രി

യോഗി ആദിത്യനാദ് ഇസ്ലാമിക ലോകത്തിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും മുസ്ലീങ്ങള്‍ അഖിലേഷ് യാദവിനെ പിന്തുണക്കുന്നത് അത് കൊണ്ടാണെന്നും ആനന്ദ് സ്വരൂപ് ശുക്ല

Update: 2021-11-03 13:21 GMT
Advertising

മുസ്ലിം വോട്ട് പിടിക്കാൻ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മതംമാറാനും തയ്യാറാവുമെന്ന് ഉത്തർപ്രദേശ് മന്ത്രി. ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയാണ് അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നത്. അഖിലേഷ് യാദവ് പാക് ചാരസംഘടനയായ ഐ.എസ്.ഐ യുടെ ഏജന്‍റാണെന്ന് ശുക്ല ആരോപിച്ചു. ഐ.സ്.ഐ യിൽ നിന്ന് അഖിലേഷിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദ് ഇസ്ലാമിക ലോകത്തിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് മുസ്ലീങ്ങളുടെ സമ്പൂർണ പിന്തുണയുമുണ്ട്. പാക് ചാരസംഘടനയായ ഐ.എസ്.ഐ യിൽ നിന്നാണ് അഖിലേഷിന് നിർദേശങ്ങൾ ലഭിക്കുന്നത്. അവരിൽ നിന്ന് അയാൾക്ക് സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്'. ശുക്ല പറഞ്ഞു

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് നമസ്‌കരിക്കാനും നോമ്പനുഷ്ടിക്കാനും തയ്യാറാവുമെന്നും വോട്ടിനായി വേണമെങ്കില്‍ മതംമാറാൻ വരെ തയ്യാറാവുമെന്നും പാകിസ്താന്‍റെ നിർദേശപ്രകാരമാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത് എന്നും ശുക്ല കൂട്ടിച്ചേർത്തു.

ഞായറാഴ്ച ഹർദോയിയിൽ വച്ചു നടന്ന  പൊതുസമ്മേളനത്തില്‍ മുഹമ്മദലി ജിന്ന മഹാത്മാഗാന്ധിക്കും ജവഹർലാൽ നെഹ്‌റുവിനുമൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന അഖിലേഷിന്‍റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു ആനന്ദ് സ്വരൂപ് ശുക്ല

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News