അസംഗഢിൽ അങ്കത്തിനില്ല; മുലായം സിങ്ങിന്റെ തട്ടകം തിരഞ്ഞെടുത്ത് അഖിലേഷ്
ഒരു പതിറ്റാണ്ടോളം മുലായം സിങ് പ്രതിനിധീകരിച്ച മണ്ഡലമാണ് സെൻട്രൽ യുപിയിലെ മെയിൻപുരി. യാദവ ശക്തികേന്ദ്രമായ മണ്ഡലം രണ്ടുപതിറ്റാണ്ടിലേറെക്കാലം എസ്പിയുടെ ഉറച്ച കോട്ടയുമാണ്
പിതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്ത തട്ടകമായ മെയിൻപുരിയിലെ കർഹാൽ അങ്കത്തിനിറങ്ങാൻ സമാജ്‌വാദി പാർട്ടി(എസ്പി) നേതാവ് അഖിലേഷ് യാദവ്. അഖിലേഷ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന അസംഗഢിൽ തന്നെ നിയമസഭാ അങ്കത്തിനും ഇറങ്ങണമെന്ന് പാർട്ടി അണികളിൽനിന്ന് മുറവിളി ശക്തമാകുമ്പോഴാണ് അപ്രതീക്ഷിത നീക്കം.
ഒരു പതിറ്റാണ്ടോളം മുലായം സിങ് പ്രതിനിധീകരിച്ച മണ്ഡലമാണ് സെൻട്രൽ യുപിയിലെ മെയിൻപുരി. യാദവ ശക്തികേന്ദ്രമായ മണ്ഡലം രണ്ടുപതിറ്റാണ്ടിലേറെക്കാലം എസ്പിയുടെ ഉറച്ച കോട്ടയുമാണ്. മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കർഹൽ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ ഫെബ്രുവരി 20നാണ് കർഹലിൽ വോട്ടെടുപ്പ്.
വലിയൊരു ശതമാനം മുസ്‌ലിം വോട്ടർമാരും ഇവിടെയുണ്ട്. എന്നാൽ, യാദവ-മുസ്‌ലിം വോട്ടുകൾക്ക് തുല്യ പ്രാധാന്യമുള്ള അസംഗഢിൽ മത്സരിക്കാതെ പാർട്ടി കോട്ട തന്നെ തെരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെങ്കിൽ അത് അസംഗഢിലെ ജനങ്ങളോട് സമ്മതത്തോടെയായിരിക്കുമെന്ന് നേരത്തെ അഖിലേഷ് വ്യക്തമാക്കിയിരുന്നു. രണ്ട് സീറ്റുകളിൽ അഖിലേഷ് മത്സരിക്കുമെന്നും വാർത്തയുണ്ടായിരുന്നു. ഇതിൽ ഒന്ന് അസംഗഢിലെ ഗോപാൽപൂരായിരിക്കുമെന്നായിരുന്നു സൂചനയുണ്ടായിരുന്നത്.
ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് 2012ൽ അദ്ദേഹം യുപി മുഖ്യമന്ത്രിയായത്.
Summary: Samajwadi Party chief Akhilesh Yadav will contest elections from Mainpuri's Karhal Assembly constituency