തിരിച്ചുവരുമെന്ന് ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ; പുതിയ ചുമതല നൽകി പാർട്ടി

കനത്ത തോൽവിയാണ് മഹാവികാസ് അഘാഡി സഖ്യം നേരിട്ടത്. പ്രതിപക്ഷ നേതാവ് പദവിക്ക് ആവശ്യമായ സീറ്റ് പോലും നേടാൻ സഖ്യത്തിലെ ഒരു പാർട്ടിക്കും കഴിഞ്ഞിരുന്നില്ല

Update: 2024-11-25 13:49 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാർട്ടിയിൽ മാറ്റത്തിനൊരുങ്ങുകയാണ് ഉദ്ധവ് വിഭാഗം ശിവസേന. അതിനുള്ള ആദ്യ പടിയെന്നോണം യുവരക്തവും തലവൻ ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാർട്ടി നേതാക്കളെല്ലാം ഒരേസ്വരത്തിലാണ് അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുത്തത്.

ബിജെപിയുടെ മിലിന്ദ് ദിയോറയുമായുള്ള ശക്തമായ മത്സരത്തിനൊടുവിലാണ് അദ്ദേഹം വർളി സീറ്റ് നിലനിർത്തുന്നത്. 8,801 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ആദിത്യയുടെ വിജയം. അതേസമയം കനത്ത തോൽവിയാണ് മഹാവികാസ് അഘാഡി സഖ്യം നേരിട്ടത്. പ്രതിപക്ഷ നേതാവ് പദവിക്ക് ആവശ്യമായ സീറ്റ് പോലും നേടാൻ സഖ്യത്തിലെ ഒരു പാർട്ടിക്കും കഴിഞ്ഞിരുന്നില്ല. 20 സീറ്റുകൾ നേടിയ ഉദ്ധവ് ശിവസേനയാണ് സഖ്യത്തിലെ ഒന്നാമൻ. രണ്ടാമതുള്ള കോൺഗ്രസിന് 16 സീറ്റുകളെ ലഭിച്ചുള്ളൂ.  മൂന്നാമതുള്ള എന്‍സിപി ശരദ് പവാര്‍ വിഭാഗം നേടിയത് 10 സീറ്റും. 

അതേസമയം യഥാർഥ ശിവസേന തങ്ങളാണെന്ന് സ്ഥാപിക്കാൻ ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിനായി. 57 സീറ്റുകളാണ് ഏക്‌നാഥ് ഷിൻഡെ വിഭാഗം ശിവസേന നേടിയത്. 2022ൽ ഒന്നായി നിന്ന ശിവസേനയെ പിളർത്തിയാണ് ഏക്‌നാഥ് ഷിൻഡെ ബിജെപിയോടൊപ്പം ചേരുന്നതും മുഖ്യമന്ത്രിയാകുന്നതും. അപ്പുറത്ത് എൻസിപിയെ പിളർത്തി അജിത് പവാർ കൂടി വന്നതോടെ ഭരണം സാധ്യമാകുകയും ചെയ്തു.

അന്നുമുതൽ തുടങ്ങിയതാണ് യഥാർഥ ശിവസേന ആരെന്ന ചോദ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് ശിവസേനക്കായിരുന്നു മുൻതൂക്കം ലഭിച്ചിരുന്നത്. പാർട്ടി പിളർത്തിയതിന്റെ സഹതാപവും ഭരണവിരുദ്ധ വികാരവും കൂടിയായതോടെ ഉദ്ധവ് പക്ഷത്തിന് കാര്യങ്ങൾ അനുകൂലമാകുകയായിരുന്നു.

എന്നാൽ അന്നുമുതലെ എംഎൽഎമാരുടെ എണ്ണംകൊണ്ട് മുന്നിലെത്താനായിരുന്നു ഉദ്ധവ് താക്കറെ ശ്രമിച്ചിരുന്നത്. ചതിയന്മാരെ പാഠം പഠിപ്പിക്കുമെന്ന് നാടുനീളെ പ്രസംഗിച്ചു. എന്നാൽ പറഞ്ഞതൊന്നും വോട്ടായി മാറ്റാൻ പാർട്ടിക്കും അതുപോലെ മുന്നണിക്കും കഴിഞ്ഞില്ല. ഫലത്തിൽ യഥാർഥ ശിവസേനക്കാർ തങ്ങളാണെന്ന് തെളിയിക്കാൻ ഏക്‌നാഥ് ഷിൻഡെക്ക് കഴിയുകയും ചെയ്തു. അതേസമയം ഉദ്ധവിന്റെ ആരോഗ്യപ്രശ്‌നങ്ങളും പാർട്ടിയെ തളർത്തുന്നുണ്ടെന്നാണ് വിവരം.

അടുത്തിടെയാണ് അദ്ദേഹം ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായത്. ഡോക്ടർമാർ വിശ്രമം ആവശ്യപ്പെട്ട സമയത്തും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. ഈ ആരോഗ്യപ്രശ്‌നം കൂടി കണക്കിലെടുത്താണ് മകനെ നിർണായക ചുമതല ഏൽപ്പിക്കുന്നത്.

ഭാവിയിൽ ഞങ്ങൾ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തുമെന്ന് ആദിത്യ താക്കറെ പറഞ്ഞു. 'നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് തെരഞ്ഞെടുപ്പ്. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നതാണെന്നും'- അദ്ദേഹം വ്യക്തമാക്കി. പാർട്ടി വക്താവ് ആനന്ദ് ദുബെയും ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്ത് എത്തി.

ആദിത്യ താക്കറെയുടെ കീഴിൽ പാർട്ടിക്ക് തിരിച്ചുവരാനാകുമെന്ന് ആനന്ദ് ദുബെ പറഞ്ഞു. യുവജനങ്ങൾക്ക് തൊഴിലും കർഷകർക്ക് ആശ്വാസമേകുന്ന താങ്ങുവിലയും നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ദുബെ പറഞ്ഞു. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരിക്കും പാര്‍ട്ടി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

288 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 230സീറ്റുകള്‍ നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിർത്തിയത്. 132 സീറ്റോടെ ബിജെപിയാണ് സഖ്യത്തിലെ വലിയ കക്ഷി. എൻസിപി അജിത് പവാർ വിഭാഗം 41 സീറ്റുകളും സ്വന്തമാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News