യാദവ-എസ്‍പി കോട്ടയില്‍ വിശ്വാസമർപ്പിച്ച് അഖിലേഷ്; കന്നിയങ്കം കർഹാലിൽ തന്നെ
ഒരു പതിറ്റാണ്ടോളം മുലായം സിങ് പ്രതിനിധീകരിച്ച മണ്ഡലമാണ് കര്‍ഹാല്‍ അടങ്ങുന്ന സെൻട്രൽ യുപിയിലെ മെയിൻപുരി
സമാജ്‌വാദി പാർട്ടിയുടെയും മുലായം സിങ്ങിന്റെയും വിശ്വസ്ത തട്ടകമായ മെയിൻപുരിയിലെ കർഹാലിൽ തന്നെ അഖിലേഷ് യാദവ് കന്നി നിയമസഭാ അങ്കത്തിനിറങ്ങും. അഖിലേഷിന്റെ അമ്മാവനും രാജ്യസഭാ എംപിയുമായ രാംഗോപാൽ യാദവാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ സ്ഥിരീകരിച്ചത്. റെക്കോർഡ് ഭൂരിപക്ഷത്തിന് അഖിലേഷ് വിജയം നേടുമെന്ന് വിവരം പുറത്തുവിട്ട് രാംഗോപാൽ വ്യക്തമാക്കി. പാർട്ടി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് അഖിലേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്.
അഖിലേഷ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന അസംഗഢിൽ തന്നെ നിയമസഭാ അങ്കത്തിനും ഇറങ്ങണമെന്ന് പാർട്ടി അണികളിൽനിന്ന് മുറവിളി ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടികോട്ടയിലായിരിക്കും അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ജനവിധി തേടാനിറങ്ങുകയെന്ന് വാർത്തകൾ പുറത്തുവന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല.
1993 മുതൽ എസ്പിയുടെ ഉറച്ച കോട്ടയാണ് കർഹാൽ. 2002ൽ ബിജെപി സീറ്റ് പിടിച്ചടക്കിയതൊഴിച്ചാൽ പിന്നീട് 2007 മുതൽ ഇതുവരെയും എസ്പി നേതാക്കളെ മാത്രമേ മണ്ഡലം തെരഞ്ഞെടുത്ത് അയച്ചിട്ടുള്ളൂ. ഒരു പതിറ്റാണ്ടോളം മുലായം സിങ് പ്രതിനിധീകരിച്ച മണ്ഡലമാണ് സെൻട്രൽ യുപിയിലെ മെയിൻപുരി. യാദവ ശക്തികേന്ദ്രമാണ് മെയിൻപുരി. മെയിൻപുരി ലോക്സഭാ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കർഹാൽ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ ഫെബ്രുവരി 20നാണ് കർഹാലിൽ വോട്ടെടുപ്പ്.
ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് 2012ൽ അദ്ദേഹം യുപി മുഖ്യമന്ത്രിയായത്.
Summary: Samajwadi Party leader and former UP Chief Minister Akhilesh Yadav will contest next month's Assembly election from the Karhal seat in Mainpuri district