ഇനി ജനകീയ പോരാട്ടത്തിനായി നിയമസഭയിൽനിന്ന് തെരുവിലേക്കെന്ന് അഖിലേഷ് യാദവ്
'പോരാട്ടമാണ് ഞങ്ങൾക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന നിയമസഭയിൽ നാം തുടരുകയാണ്. അതിനാൽ അവിടെ നിന്ന് തെരുവിലേക്കും നമ്മുടെ പോരാട്ടം തുടരും'
ഇനി ജനങ്ങളുടെ പോരാട്ടം ഏറ്റെടുത്ത് നിയമസഭയിൽനിന്ന് തെരുവിലേക്കിറങ്ങുമെന്ന് എംപി സ്ഥാനം രാജിവെച്ച സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. പാർട്ടി സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യയുടെ ജന്മദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം സംസാരിക്കവേയാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും അധികാരത്തിലെത്താൻ കഴിയാതിരുന്ന അഖിലേഷ് ഭാവി പദ്ധതി വ്യക്തമാക്കിയത്. 'പോരാട്ടമാണ് ഞങ്ങൾക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന നിയമസഭയിൽ നാം തുടരുകയാണ്. അതിനാൽ അവിടെ നിന്ന് തെരുവിലേക്കും നമ്മുടെ പോരാട്ടം തുടരും' അഖിലേഷ് വ്യക്തമാക്കി. 'യുപിയിലെ കോടിക്കണക്കിന് ജനങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ധാർമിക വിജയം നൽകിയിരിക്കുകയാണ്. അതിനാൽ കർഹാലിനെ ഞാൻ പ്രതിനിധീകരിക്കും. എന്നാൽ അസംഗഢിന്റെ വികസനത്തിനായും നിലകൊള്ളും' ബുധനാഴ്ച അഖിലേഷ് ട്വിറ്ററിൽ കുറിച്ചു. അവിടെ വരുന്ന ഉപതെരഞ്ഞെടുപ്പിൽ ആരാകും സ്ഥാനാർഥിയെന്ന ചോദ്യത്തിന് പ്രദേശത്തെ പ്രവർത്തകരും നേതാക്കളും തീരുമാനിക്കുമെന്നായിരുന്നു അഖിലേഷിന്റെ മറുപടി.
രണ്ടാമതും ചുമതലയേൽക്കുന്ന യോഗി ആദിത്യ നാഥ് സർക്കർ നന്നായി പ്രവർത്തിച്ചാൽ അവർക്ക് കൊള്ളമെന്നും അല്ലെങ്കിൽ സമാജ്‌വാദി പ്രവർത്തകർ ഇടപെടുമെന്നും അഖിലേഷ് ഓർമിപ്പിച്ചു. പെട്രോൾ, ഡീസൽ വിലനിയന്ത്രണത്തിൽ സർക്കറിന് ഇടപെടാനാകുന്നില്ലെന്നും എന്നാൽ അവരുടെ വികല നയങ്ങൾ കാരണം വില വർധിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനികൾ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കാർഹാൽ മണ്ഡലത്തിൽ വിജയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അസംഗഢ് എംപിയായ ഇദ്ദേഹം സ്ഥാനം രാജിവെച്ചത്. ഇതാദ്യമായാണ് അഖിലേഷ് യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് ജനവിധി തേടിയത്. എസ്.പി തട്ടകമായ മെയിൻപുരിയിലെ കർഹാൽ മണ്ഡലത്തിൽനിനിന്നുള്ള കന്നിയങ്കത്തിൽ 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേഷിന് 1,48,196 വോട്ട് ലഭിച്ചപ്പോൾ കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി സ്ഥാനാർത്ഥി എസ്.പി സിങ് ബാഗേലിന് 80,692 വോട്ടാണ് ലഭിച്ചത്. ഇതിനുമുൻപ് ലെജിസ്ലേറ്റീവ് അസംബ്ലി വഴിയായിരുന്നു അഖിലേഷ് യു.പി മുഖ്യമന്ത്രിയായത്.
മുന്നിൽ 2024? യു.പിയിൽ നേരിട്ടിറങ്ങാൻ അഖിലേഷ്
വലിയ തോതിലുള്ള പ്രചാരണകോലാഹലങ്ങൾക്കൊടുവിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും ഭരണത്തുടർച്ച ലഭിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത്. ആകെ 403 സീറ്റിൽ ബി.ജെ.പി സഖ്യം 273 സീറ്റിലാണ് ജയിച്ചത്. അതേസമയം, അഖിലേഷിന്റെ നേതൃത്വത്തിൽ എസ്.പി മികച്ച മുന്നേറ്റം തന്നെ കാഴ്ചവച്ചു. 111 സീറ്റ് നേടിയായിരുന്നു പാർട്ടിയുടെ മികച്ച പ്രകടനം. 10 ശതമാനം വോട്ട് ഷെയർ വർധിക്കുകയും ചെയ്തു. 2017ൽ കോൺഗ്രസ് സഖ്യമുണ്ടായിട്ടും നേടിയ 47 സീറ്റിൽനിന്നാണ് എസ്.പിയുടെ കുതിച്ചുചാട്ടം. ബി.ജെ.പിയെ 325 സീറ്റിൽനിന്ന് താഴേക്ക് ചുരുക്കാനും സാധിച്ചു.
തെരഞ്ഞെടുപ്പിൽ എസ്.പി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ അധികാരം പിടിക്കാനായില്ല. ഇതിനാൽ, അഖിലേഷ് നിയമസഭാ അംഗത്വം രാജിവച്ച് ലോക്സഭയിൽ തന്നെ സജീവമാകുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ, അത്തരം വിലയിരുത്തലുകളെല്ലാം അപ്രസക്തമാക്കിയാണ് ലോക്സഭാ അംഗത്വം രാജിവച്ചത്. ഉത്തർപ്രദേശിൽ ശക്തമായ പ്രതിപക്ഷമായി പോരാട്ടം ശക്തമാക്കാനാണ് അഖിലേഷിന്റെ പദ്ധതിയെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാകും ആദ്യ നീക്കങ്ങൾ. സംസ്ഥാനത്ത് കൂടുതൽ സജീവമായി ബി.ജെ.പി അടിത്തറ പൊളിക്കുകയാകും അഖിലേഷ് ലക്ഷ്യമിടുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിനൊപ്പം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടാകും ഇനി എസ്.പിയുടെ രാഷ്ട്രീയനീക്കങ്ങൾ.
Akhilesh Yadav to take to the streets from assembly to protest