യു.പിയില്‍ വിജയം പിടിക്കാന്‍ 'വിജയ യാത്രയുമായി' അഖിലേഷ് യാദവ്
400 സീറ്റുകളുമായി സമാജ് വാദി പാര്‍ട്ടി അധികാരത്തിലേറുമെന്ന് അഖിലേഷ് യാദവ്
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയയാത്രക്കൊരുങ്ങി സമാജ് വാദി പാർട്ടി. ഒക്ടോബർ 19 നാണ് യാത്രയാരംഭിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധികാരത്തിലേറുമെന്ന് നേരത്തെ തന്നെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ജനങ്ങൾ ബി.ജെ.പി ഭരണത്തിൽ അസ്വസ്ഥരാണ് എന്നും സമാജ് വാദി പാർട്ടി അടുത്ത വർഷം ഉത്തർപ്രദേശിൽ ഉറപ്പായും അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.
'ഉത്തർപ്രദേശിൽ വീണ്ടുമൊരു രഥയാത്രക്കുള്ള കളമൊരുങ്ങിയിരിക്കുന്നു. എന്നാൽ ഇക്കുറി സമാജ് വാദി പാർട്ടി വിജയയാത്രയാണ് നടത്താനൊരുങ്ങുന്നത്. ബി.ജെ.പിയുടെ ദുർഭരണത്തിൽ ഉത്തർപ്രദേശിലെ ജനങ്ങൾ അസ്വസ്ഥരാണ്.400 സീറ്റുകളുമായി സമാജ് വാദി പാർട്ടി ഉത്തർപ്രദേശിൽ അടുത്ത വര്‍ഷം അധികാരത്തിലേറും '. അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി പ്രമുഖരെ കളത്തിലിറക്കുമെന്നും ഉടൻ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 312 സീറ്റിന്‍റെ വലിയ ഭൂരിപക്ഷത്തിന് ബി.ജെ.പി യാണ് യു.പിയിൽ അധികാരത്തിലേറിയത്.സമാജ് വാദി പാർട്ടി 47 സീറ്റുകൾ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷങ്ങളിലൊന്നായ കോൺഗ്രസ്സ് വെറും ഏഴ് സീറ്റിലൊതുങ്ങി.