അടുത്ത റിപ്പബ്ലിക് പരേഡിൽ സ്ത്രീകൾ മാത്രം; സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ
സേനയിലും മറ്റു മേഖലകളിലുമുള്ള സത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്
ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകൾ മാത്രം പങ്കെടുത്താൽ മതിയെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. പരേഡിലെ മാർച്ച് പാസ്റ്റിലും ബാൻഡ് സംഘത്തിലും, ടാബ്ലോ അവതാരകരിലും പുരുഷൻമാരെ ഉൾപ്പെടുത്തേണ്ട എന്നാണ് തീരുമാനം. സേനയിലും മറ്റു മേഖലകളിലുമുള്ള സത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും കത്തയച്ചതായാണ് വിവരം. നിർദേശം നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ അധികൃതർ ആരംഭിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അർധ സൈനിക വിഭാഗങ്ങളിൽ സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ഉണ്ടെങ്കിലും കര, നാവിക, വ്യോമ സേനകളിൽ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തിൽ പരേഡ് നിർദേശം പ്രായോഗികമാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.