ജില്ലാ മജിസ്‌ട്രേറ്റുമാരെ അമിത് ഷാ വിളിച്ചെന്നാരോപണം; വിശദാംശങ്ങൾ നൽകാൻ കോൺഗ്രസിന് നിർദേശം
വോട്ടെണ്ണലിന് മുന്നോടിയായി 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ അമിത് ഷാ വിളിച്ചെന്ന ആരോപണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം
Update: 2024-06-02 10:57 GMT
ന്യൂഡൽഹി: വോട്ടെണ്ണലിന് മുന്നോടിയായി 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ അമിത് ഷാ വിളിച്ചെന്ന ആരോപണത്തിൽ വിശദാംശങ്ങൾ നൽകാൻ കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിനോടാണ് വിവരങ്ങൾ കൈമാറാൻ നിർദേശം നൽകിയത്.
ആഭ്യന്തരമന്ത്രി ജില്ലാ മജിസ്ട്രേറ്റുമാരുമായി സംസാരിക്കേണ്ട ആവശ്യം എന്താണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.
വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യാ മുന്നണി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്തും. വൈകീട്ട് 4.30നാണ് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചത്.