മഹാരാഷ്ട്രയിൽ നാലിടങ്ങളിൽ ഇൻഡ്യ മുന്നണിയെ വലച്ചത് വിബിഎ; ഭൂരിപക്ഷത്തേക്കാൾ വോട്ട്

തോൽവി പരിശോധിച്ചു വരികയാണെന്നാണ് പ്രകാശ് അംബേദ്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്

Update: 2024-06-06 11:52 GMT
Advertising

നാഗ്പൂർ: മഹാരാഷ്ട്രയിൽ നാല് മണ്ഡലങ്ങളിൽ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിക്ക് ഭൂരിപക്ഷത്തേക്കാൾ വോട്ട്. മത്സരിച്ച സീറ്റുകളിലൊന്നും വിജയിച്ചില്ലെങ്കിലും ഇൻഡ്യ മുന്നണി പരാജയപ്പെട്ട നാലിടങ്ങളിലും ഭൂരിപക്ഷത്തേക്കാൾ ഇരട്ടി വോട്ടാണ് വിബിഎ നേടിയത്.

അകോലയിലും ബുൾധാനയിലും ഹത്കാനംഗ്ലെയിലും വടക്കുപടിഞ്ഞാറൻ മുംബൈയിലും ഇൻഡ്യ മുന്നണി പരാജയപ്പെട്ടതിൽ കാര്യമായ സ്വാധീനം ചെലുത്താൻ വിബിഎയ്ക്കായി എന്നാണ് വിലയിരുത്തൽ. ബിജെപി ജയിച്ച അകോലയിൽ അവരുടെ ഭൂരിപക്ഷത്തിനേക്കാളും ഉയർന്ന വോട്ടാണ് വിബിഎ നേടിയത്. ശിവസേന (യുബിടി) രണ്ടാമതെത്തിയ ബുൾധാനയിലും ഹത്കനാംഗ്‌ലെയിലും മുംബൈ നോർത്തിലും സമാന സാഹചര്യമുണ്ടായി.

40,626 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി അകോലയിൽ ജയിച്ചത്. വിബിഎയ്ക്ക് ഇവിടെ ലഭിച്ചത് 2,786,747 വോട്ടും. കോൺഗ്രസ് ആയിരുന്നു ഇവിടെ തൊട്ടുപിന്നിൽ. ഇൻഡ്യാ സഖ്യത്തിന്റെ ക്ഷണം നിരസിച്ച് ഒറ്റയ്ക്ക് മത്സരിച്ച വിബിഎ ഇവിടെ കോൺഗ്രസിന്റെ പരാജയത്തിൽ നിർണായക പങ്കാണ് വഹിച്ചിരിക്കുന്നത്. സഖ്യം ചേരാൻ കോൺഗ്രസും മറ്റ് സഖ്യകക്ഷികളും പല തവണ പ്രകാശ് അംബേദ്കറിനെ ക്ഷണിച്ചിരുന്നെങ്കിലും ആറ് സീറ്റ് വേണമെന്ന ഉറച്ച നിലപാട് വിബിഎ മുന്നോട്ട് വയ്ക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിലേറ്റ വലിയ തോൽവി പരിശോധിച്ചു വരികയാണെന്നാണ് പ്രകാശ് അംബേദ്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങൾക്ക് എംവിഎയോട് സഖ്യം ചേരാൻ പൂർണസമ്മതമായിരുന്നുവെന്നും എന്നാൽ ആവശ്യപ്പെട്ട ആറ് സീറ്റുകൾക്ക് പകരം രണ്ട് സീറ്റുകളാണ് സഖ്യം മുന്നോട്ട് വെച്ചതെന്നുമായിരുന്നു അംബേദ്കറുടെ പ്രതികരണം.

"തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകർക്കുൾപ്പടെ വലിയ മാനസിക ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. പരാജയത്തിൽ സൂഷ്മപരിശോധന നടത്തി വിലയിരുത്തൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. എംവിഎയുമായി സഖ്യം ചേരാൻ ഞങ്ങളെന്നും സന്നദ്ധരായിരുന്നു. പക്ഷേ ഞങ്ങളാവശ്യപ്പെട്ട അത്രയും കുറവ് സീറ്റുകൾ തരാൻ പോലും അവർ തയ്യാറായില്ല. അകോലയും മുംബൈ നോർത്തും മാത്രമാണ് അനുവദിച്ചത്. അതോടെ ഒറ്റയ്ക്ക് മത്സരിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു". ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അംബേദ്കർ ചൂണ്ടിക്കാട്ടുന്നു. അടുത്ത തെരഞ്ഞെടുപ്പിന് സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നാണ് അംബേദ്കർ അറിയിച്ചിരിക്കുന്നത്.

2019ൽ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ നിന്നായി 41.3 ലക്ഷം വോട്ടുകളാണ് വിബിഎ നേടിയത്. ത്രികോണ മത്സരം നടന്ന പത്ത് സീറ്റുകളിലെങ്കിലും നിർണായക പ്രകടനങ്ങൾ പാർട്ടി കാഴ്ച വയ്ക്കുകയും ചെയ്തു.മത്സരിച്ച 28 സീറ്റുകളിൽ മിക്കതിലും മൂന്നോ നാലോ സ്ഥാനങ്ങളിൽ വിബിഎ സ്ഥാനാർഥികളുണ്ടായിരുന്നു. അകോലയിൽ പ്രകാശ് അംബേദ്കറും മത്സരിച്ചു

2014ൽ നാല് സീറ്റുകളിൽ മത്സരിച്ച് 0.75% വോട്ടുവിഹിതം പാർട്ടി നേടിയപ്പോൾ 2019ൽ ഇത് 14.75 ശതമാനമായി കുതിച്ചുയർന്നിരുന്നു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News