'അമേഠിക്കാർ എനിക്കൊപ്പമുണ്ട്'; രാഹുലിന്റെയും പ്രിയങ്കയുടെയും പിന്തുണ ശക്തിയെന്ന് കെ.എൽ ശർമ
ബി.ജെ.പി നടത്തുന്ന അപവാദപ്രചാരണങ്ങളെ ഗൗനിക്കാറില്ലെന്നും കെ.എൽ ശർമ മീഡിയവണിനോട് പറഞ്ഞു
ലഖ്‌നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ വിജയിക്കുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.എൽ ശർമ. അമേഠിയിലെ ജനങ്ങളിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. ബി.ജെ.പി നടത്തുന്ന അപവാദപ്രചാരണങ്ങളെ ഗൗനിക്കാറില്ലെന്നും ശർമ 'മീഡിയവണി'നോട് പറഞ്ഞു.
''അമേഠിയിലെ ജനങ്ങളിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. അവർ എനിക്കൊപ്പമുണ്ട്. എതിരാളി കേന്ദ്രമന്ത്രി ആണെന്നത് എനിക്കു വിഷയമല്ല. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് നേരത്തെയും സ്ഥാനാർഥി ഉണ്ടായിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം 1991ൽ സതീഷ് ശർമ ഇവിടെനിന്നു വിജയിച്ചിരുന്നു. ബി.ജെ.പി നടത്തുന്ന അപവാദപ്രചാരണങ്ങളെ ഗൗനിക്കാറില്ല.''-കെ.എൽ ശർമ പറഞ്ഞു.
40 വർഷമായി അമേഠിയിലെ ജനങ്ങളുമായുള്ള ആത്മബന്ധമാണ് വിശ്വാസത്തിന്റെ അടിത്തറയെന്നാണ് അദ്ദേഹം പറയുന്നത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പിന്തുണ വലിയ ശക്തിയാണ്. എതിരാളികളുടെ ആക്ഷേപപരാമർശങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നുമാണ് അദ്ദേഹം കെ.എൽ ശർമ മീഡിയവണിനോട് പറഞ്ഞത്.
Summary: ''Amethi people are with me'': Congress candidate KL Sharma to MediaOne