ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; 11 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി
തലസ്ഥാനം പിടിക്കുക എന്ന ബിജെപി ലക്ഷ്യത്തിന് തടയിടുകയാണ് എഎപിയുടെ ലക്ഷ്യം
ഡൽഹി: സ്ഥാനാർഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് ഡൽഹിയിൽ മറ്റു പാർട്ടികളെ ഞെട്ടിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് ആം ആദ്മി പ്രഖ്യാപിച്ചത്. ആം ആദ്മി തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന സന്ദേശമാണ് ദേശീയ കൺവീനർ അരവിന്ദ് കെജ്‍രിവാൾ നൽകുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്നതിന് മുമ്പേ രണ്ടുമുഴം നീട്ടി എറിഞ്ഞിരിക്കുകയാണ് എഎപി. ഏതുവിധേനയും തലസ്ഥാനം പിടിക്കുക എന്ന ബിജെപി ലക്ഷ്യത്തിനു തടയിടുകയാണ് എഎപിയുടെ ലക്ഷ്യം. ലോക്സഭ സീറ്റുകൾ കൈപ്പിടിയിലൊതുക്കുമ്പോഴും കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സംസ്ഥാനത്ത് ബിജെപി അധികാരത്തിനു പുറത്താണ്.
മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രിയായിരിക്കെ മനീഷ് സിസോദിയ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ആം ആദ്മിക്ക് ജനങ്ങൾക്കിടയിലെ വിശ്വാസം നശിച്ചില്ലെന്നാണ് സർവേകളിലൂടെ ബിജെപിക്ക് മനസിലായത്. അതേസമയം, മന്ത്രി കൈലാഷ് ഗെലോട്ട് ഉൾപ്പെടെയുള്ളവരെ രാജിവെപ്പിച്ച് മറുകണ്ടം ചാടിച്ചത് ബിജെപിയുടെ ആത്മവിശ്വാസ കുറവിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഗെലോട്ടിന് പകരം ജാട്ട് വിഭാഗത്തിൽ നിന്നു തന്നെ അടുത്ത മന്ത്രിയെ നിയമിച്ചെങ്കിലും മലിനമായി തുടരുന്ന അന്തരീക്ഷവും കുടിവെള്ള പ്രശ്നവും തിരിച്ചടിയാകുമെന്ന് ആം ആദ്മി ഭയക്കുന്നു. അതുകൊണ്ടാണ് രണ്ടര മാസം മുൻപേ സ്ഥാനാർഥികളെ കളത്തിലിറക്കിയത്. മായാവതി യുപി മുഖ്യമന്ത്രിയായിരിക്കെ, ഒരു വർഷം മുൻപേ ബിഎസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എഎപി ന്യായീകരിക്കുന്നു. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്തോടെ എതിരാളികളുടെ മാത്രമല്ല സ്വന്തം പാർട്ടി നേതാക്കളുടെ മനസും വായിച്ചെടുക്കാമെന്നാണ് കെജ്‌രിവാളിന്റെ കണക്കുകൂട്ടൽ.