ജാതി സെൻസസിന് ബി.ജെ.പി എതിരല്ലെന്ന് അമിത് ഷാ
വിശദമായ ചർച്ചകൾക്ക് ശേഷം ജാതി സെൻസസിന്റെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അമിത് ഷാ പറഞ്ഞു
ഡൽഹി: ജാതി സെൻസസിനു ബി.ജെ.പി എതിരല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഛത്തീസ് ഗഡിൽ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയപ്പോഴായിരുന്നു അമിത്ഷായുടെ പ്രതികരണം. വിശദമായ ചർച്ചകൾക്ക് ശേഷം ജാതി സെൻസസിന്റെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. വോട്ടിനു വേണ്ടിയല്ലെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാടെന്നും അമിത് ഷാ പറഞ്ഞു.
അഞ്ഞൂറ് രൂപയ്ക്ക് എൽ.പി.ജി സിലിണ്ടർ, വിവാഹിതരായ സ്ത്രീകൾക്ക് വർഷത്തിൽ പന്ത്രണ്ടായിരം രൂപ, പെൺകുട്ടികൾക്ക് ബസിൽ സൗജന്യ യാത്ര എന്നിവയാണ് ബി.ജെ.പി മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനങ്ങൾ. എന്നാൽ നിലവിൽ ഭരണമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി ഇതൊന്നും നടപ്പിലാക്കാത്തത് എന്താണ് എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. രാജസ്ഥാനിൽ ബിജെപി രണ്ട് സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇനി 16 സ്ഥാനാർത്ഥികളെ കൂടിയാണ് പ്രഖ്യാപിക്കേണ്ടത്. കോൺഗ്രസിന് 44 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കേണ്ടതുണ്ട്.
അതേസമയം വൈ.എസ്.ആർ.ടി.പി തെലങ്കാന തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ മകൾ വൈ.എസ് ശർമിള അറിയിച്ചു . കോൺഗ്രസിന് ലഭിക്കാനുള്ള വോട്ടുകൾ ചിതറി പോകാതിരിക്കാനാണ് മാറി നിൽക്കൽ. പിന്തുണ പ്രഖ്യാപിച്ചു രാഹുൽ ഗാന്ധിക്ക് ഊർമിള കത്തയച്ചു.