തെരഞ്ഞെടുപ്പ് പരാജയം: ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് അമിത് ഷാ
എൻ.സി.പി അജിത് പവാർ പക്ഷത്തും ഭിന്നത രൂക്ഷം
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ഉത്തരവാദിത്തം തുടരൻ നിർദേശിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡൽഹിയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൻ.സി.പി അജിത് പവാർ പക്ഷത്തും ഭിന്നത രൂക്ഷമായിട്ടുണ്ട്. പതിനഞ്ചോളം എം.എൽ.എമാർ ശരത് പവാർ പക്ഷവുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. തിരിച്ചടി നേരിട്ടതിന് പിന്നാലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ വിളിച്ചുചേർത്ത എം.എൽ.എമാരുടെ യോഗത്തിൽനിന്നും അഞ്ചുപേർ വിട്ടുനിന്നതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്.
ഡൽഹി യാത്രമാറ്റിവെച്ച് വിളിച്ചുകൂട്ടിയ യോഗത്തിൽ 36 എം.എൽ.എമാർ മാത്രമാണ് പങ്കെടുത്തത്. നരഹരി സിർവാൾ വിദേശത്തായതിനാലും മറ്റു നാലു പേർ ആരോഗ്യകാരണങ്ങളാലും വിട്ടുനിന്നുവെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്. തന്റെ ഒപ്പമുള്ളവർ ഉറച്ചുനിൽക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം ശരത് പവാർ പക്ഷത്തേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് കുടുംബകാര്യത്തിൽ പരസ്യചർച്ച ഇല്ലെന്നാണ് മറുപടി നൽകിയത്.
15ഓളം എംഎൽഎമാർ ബന്ധപ്പെട്ടെന്ന കാര്യം ശരത് പവാർ പക്ഷം നിഷേധിച്ചിട്ടില്ല. പാർട്ടിപിളർത്തി എൻ.ഡി.എ പക്ഷത്തേക്ക് എത്തിയ അജിത് പവാറിന് നാണക്കേടുണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. മത്സരിച്ച നാലു സീറ്റിൽ മൂന്നിടത്തും തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അജിത് പവാർ തിരുത്തൽ നടപടി ഉണ്ടാകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.