പറഞ്ഞ വാക്കുപാലിച്ചു; 'ഇഡലി അമ്മ'യ്ക്ക് വീടുണ്ടാക്കി നൽകി ആനന്ദ് മഹീന്ദ്ര
മാതൃദിനത്തിൽ ഇഡലി അമ്മയ്ക്ക് വീടൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആനന്ത് മഹീന്ദ്ര ട്വീറ്ററിൽ കുറിച്ചു
തമിഴ്നാട്: കോയമ്പത്തൂരിൽ ഒരു രൂപയ്ക്ക് ഇഡലി വിറ്റ് ഹിറ്റായ ഒരമ്മയുണ്ട്. കമലമ്മാൾ. കമലമ്മാൾ എന്നു പറഞ്ഞാൽ ആർക്കും അറിയണമെന്നില്ല. എന്നാൽ ഇഡിലി അമ്മ എന്നുപറഞ്ഞാൽ അറിയാത്തവരായും ആരും ഉണ്ടാവുകയുമില്ല. 30 വർഷത്തോളമായി ഇവർ ഒരു രൂപക്ക് ഇഡിലി വിൽക്കുന്നു. ദിവസ വേതനക്കാരായ തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഇഡലി വിൽക്കുന്ന 'ഇഡലി അമ്മക്ക്' മാതൃദിനത്തില്‍ തന്നെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു കൊടുത്തിരിക്കുകയാണ് ആനന്ത് മഹീന്ദ്ര.
ഇഡിലി അമ്മക്ക് വീടൊരുക്കിയ കാര്യം ആനന്ത് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മാതൃദിനത്തിൽ ഇഡലി അമ്മയ്ക്ക് വീടൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.
'മാതൃദിനത്തിൽ ഇഡലി അമ്മക്ക് വീടൊരുക്കാൻ കഴിഞ്ഞതിൽ ഞങ്ങളുടെ ടീമിനോട് നന്ദി പറയുന്നു. അവരുടെ ജോലിയെ പിന്തുണക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാവർക്കും മാതൃദിനാശംസകൾ'- മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
2019 ലാണ് ഇവരുടെ വീഡിയോ ആനന്ത് മഹീന്ദ്ര കാണാനിടയായത്. വിറകടുപ്പിൽ തീയൂതി ഇഡലി ഉണ്ടാക്കി വിറ്റിരുന്ന ഇവർക്ക് ആനന്ത് മഹീന്ദ്ര ഒരു ഗ്യാസ് കണക്ഷനും അടുപ്പും നൽകിയിരുന്നു. അന്ന് തന്നെ ഇഡലി അമ്മക്ക് സ്വന്തമായൊരു വീട് എന്ന വാഗ്ദാനം നൽകി കടയും വീടും കൂടി ചേർന്ന സ്ഥലം വാങ്ങി ഇഡ്ഡലി അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുക്കുകയായിരുന്നു. തുടർന്ന് രണ്ട് വർഷത്തിന് ശേഷം ഇഡിലിയമ്മക്ക് വീടൊരുങ്ങുകയും ചെയ്തു. ആനന്ത് മഹീന്ദ്രക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തുവരുന്നത്.