''മാനുഷികഗുണങ്ങളാലാണ് ആളുകൾ ഓർമിക്കപ്പെടുക''; കുട്ടികളുടെ സ്വന്തം 'ചാച്ചാജി'യെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

എന്റെ തലമുറയിലെ പലരും നെഹ്‌റുവിനെ അതിരറ്റ സ്‌നേഹത്തോടെ ഓർക്കുന്നത് 'ചാച്ചാ നെഹ്‌റു'വെന്നാണ്-ആനന്ദ് മഹീന്ദ്ര

Update: 2021-11-14 16:12 GMT
Editor : Shaheer | By : Web Desk
Advertising

സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയപ്പെട്ടയാളാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. നാട്ടിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങളോടെല്ലാം പോസിറ്റീവ് പ്രതികരണങ്ങളുമായാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. രാജ്യത്ത് വിവിധ രംഗങ്ങളിലുള്ള പ്രതിഭകൾക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചും പ്രചോദനങ്ങള്‍ പകര്‍ന്നും അദ്ദേഹം എത്താറുണ്ട്. കുട്ടികളുടെ സ്വന്തം 'ചാച്ചാജി'യായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ഇന്നും വ്യത്യസ്തമായൊരു കുറിപ്പാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്.

ഒരു കുട്ടിപ്പട്ടാളത്തിനൊപ്പമുള്ള നെഹ്‌റുവിന്റെ പഴയൊരു ചിത്രം ചേർത്താണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. കുട്ടികളോടുള്ള നെഹ്‌റുവിന്റെ സ്‌നേഹം വിവരിച്ചാണ് കുറിപ്പ്. ആളുകൾ അവരുടെ മാനുഷികഗുണങ്ങളാലാണ് ഏറ്റവും നന്നായി ഓർമിക്കപ്പെടുകയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

''ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ജന്മദിനം ആചരിക്കുകയാണിന്ന് നമ്മൾ. ഒരു ചരിത്രപുരുഷനാണദ്ദേഹം. എന്റെ തലമുറയിലെ പലരും അദ്ദേഹത്തെ അതിരറ്റ സ്‌നേഹത്തോടെ ഓർക്കുന്നത് 'ചാച്ചാ നെഹ്‌റു' എന്നാണ്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഇതിഹാസസമാനമാണ്. ആളുകൾ അവരുടെ മാനുഷികഗുണങ്ങളുടെ പേരിലാണ് ഏറ്റവും നന്നായി ഓർമിക്കപ്പെടുക. എല്ലാവർക്കും 2021ലെ ശിശുദിനാശംസകൾ-ട്വീറ്റിൽ ആനന്ദ് മഹീന്ദ്ര കുറിച്ചു.

വ്യാപാര, വ്യവസായരംഗത്തെ സംഭാവനകൾ പരിഗണിച്ച് ആനന്ദ് മഹീന്ദ്രയ്ക്ക് ഇത്തവണ രാജ്യം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.

Summary: Anand Mahindra took to Twitter to share a vintage photograph of Jawaharlal Nehru amid a group of children and shares tribute to him Children's Day

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News