വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ
ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ തക്കാളി കർഷകനാണ് മധുകർ റെഡ്ഡി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിൽ വിളവെടുക്കാറായ തക്കാളി കൃഷിത്തോട്ടത്തിൽ കാവലിരുന്ന കർഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം.
തക്കാളി വിളകൾക്ക് കാവലിരിക്കുകയായിരുന്ന മധുകർ റെഡ്ഡിയെന്ന കർഷകനെ അക്രമികൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൃഷിയിടത്തിൽ ഉറങ്ങുന്നതിനിടെയാണ് കൊലാപതകം നടന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഡിഎസ്പി കേശപ്പ മാധ്യമങ്ങളോട് പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങൾ പറയാനാകൂവെന്നും ഡിഎസ്പി കേശപ്പ പറഞ്ഞു.
ജൂലൈ ആദ്യവാരം തക്കാളി വിറ്റ് ലഭിച്ച 30 ലക്ഷം രൂപ തട്ടിയെടുക്കാനായി 62 കാരനെ കവർച്ചക്കാർ കൊലപ്പെടുത്തിയിരുന്നു. മദനപ്പള്ളി സ്വദേശിയായ രാജശേഖർ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി വിപണിയായി വിശേഷിപ്പിക്കപ്പെടുന്ന തക്കാളി മാർക്കറ്റിൽ തക്കാളി കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നയാളാണ് രാജശേഖർ റെഡ്ഡി. ജൂലായ് ആദ്യവാരം തക്കാളി വില കുതിച്ചുയർന്നതിനെ തുടർന്ന് 70 പെട്ടി തക്കാളി വിറ്റ റെഡ്ഡി 30 ലക്ഷം രൂപയാണ് സമ്പാദിച്ചിരുന്നത്.