ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിൽ ദേഷ്യം: കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാൻ പോയ യുവതിയെ അച്ഛൻ ബലാത്സംഗം ചെയ്തു കൊന്നു
മകൾ ഇതരജാതിക്കാരനെ വിവാഹം ചെയ്ത ശേഷം നാട്ടുകാർ തന്നെ പരിഹസിക്കാറുണ്ടെന്നും ബന്ധുക്കൾ ചടങ്ങുകൾക്ക് വിളിക്കാറില്ലെന്നും പ്രതി പറഞ്ഞു
തന്റെ പിഞ്ചുകുഞ്ഞ് ന്യൂമോണിയ വന്ന് മരിച്ച ദുഃഖത്തിലായിരുന്ന, ഇതര ജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ അച്ഛൻ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്നതായി പൊലീസ്. കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാൻ നഗരത്തിനടുത്തുള്ള കാട്ടിലേക്ക് പോയ ഇയാൾ മകളെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലുകയായിരുന്നവെന്ന് ഭോപ്പാൽ പൊലിസ് സൂപ്രണ്ട് ഉമേഷ് തിവാരി അറിയിച്ചു. നവംബർ അഞ്ചിന് നടന്ന സംഭവത്തിൽ 55 കാരൻ മധ്യപ്രദേശിൽ അറസ്റ്റിലായിട്ടുണ്ട്. 23 കാരനായ മകൻ ഗൂഢാലോചന നടത്തിയതിനും പ്രതിയാണ്.
കൊലപാതകം നടത്തിയ ശേഷം മകളുടെയും കുഞ്ഞിന്റെയും ജഡം ഇയാൾ കാട്ടിൽതന്നെ ഉപേക്ഷിക്കുകയായിരുന്നു. ഫോറസ്റ്റ് ഗാർഡ് അറിയിച്ചതിനെ തുടർന്ന് നവംബർ 14 നാണ് പൊലിസ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ബലാത്സംഗവും കൊലപാതകവും തെളിഞ്ഞത്.
മകൾ ഇതരജാതിക്കാരനെ വിവാഹം ചെയ്ത ശേഷം നാട്ടുകാർ തന്നെ പരിഹസിക്കാറുണ്ടെന്നും ബന്ധുക്കൾ ചടങ്ങുകൾക്ക് വിളിക്കാറില്ലെന്നും പ്രതി പറഞ്ഞു. ഇതിനാൽ ദേഷ്യം ഉള്ളിൽക്കൊണ്ടു നടക്കുകയായിരുന്നുവെന്നും അവസരം കിട്ടിയപ്പോൾ കൊലപ്പെടുത്തിയെന്നും അയാൾ പറഞ്ഞതായി പൊലിസ് അറിയിച്ചു.
ഭർത്താവിനൊപ്പം ഷജാപൂർ ജില്ലയിൽ ഷുജാൽപൂരിലാണ് യുവതി താമസിച്ചിരുന്നത്. ഒക്‌ടോബർ 20 ന് ദീപാവലി ആഘോഷിക്കാൻ ഇവർ കുഞ്ഞുമായി ഭോപ്പാലിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഭർത്താവ് ചത്തിസ്ഗഢ് തലസ്ഥാനമായ റായ്പ്പൂരിലേക്കും പോയി. സഹോദരിയുടെ വീട്ടിൽ കഴിയവേയാണ് കുഞ്ഞ് മരിച്ചത്. ഇതിനെ തുടർന്ന് ഭോപ്പാലിനടുത്തുള്ള സെഷോർ ജില്ലയിൽ താമസിക്കുന്ന അചഛനെയും സഹോദരനെയും വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് കുറ്റകൃത്യം നടന്നത്. മകനെ മോട്ടോർ സൈക്കിളിനടുത്ത് നിർത്തി മകളെയും കൂട്ടി ഇയാൾ കാട്ടിലേക്ക് പോകുകയായിരുന്നു. തുടർന്ന് ബലാത്സംഗം ചെയ്യുകയും കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. സഹോദരനും മൂത്ത സഹോദരിയും ബലാത്സംഗ വിവരം പിന്നീടാണ് അറിഞ്ഞത്.
നേരത്തെ കല്യാണം കഴിഞ്ഞപ്പോൾ അചഛൻ മകളെ കാണാനില്ലെന്ന് പറഞ്ഞ് കേസ് കൊടുത്തിരുന്നതായും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് പറഞ്ഞു.