അഗ്നിപഥ് പ്രതിഷേധത്തിൽ ഒരു മരണം കൂടി; ബിഹാറിൽ ഇന്ന് ബന്ദ്
ഇതോടെ പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി
പട്‌ന: കേന്ദ്രസർക്കാറിന്റെ പുതിയ സൈനിക റിക്രൂട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം രൂക്ഷമാകുന്നു. ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ ഇയാൾ ചികിത്സയിലായിരുന്നു. ഇതോടെ പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
അതിനിടെ പ്രതിഷേധങ്ങളുടെ ഭാഗമായി ബിഹാറിൽ ഇന്ന് പ്രതിപക്ഷപാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എ ആഹ്വാനം ചെയ്ത ബന്ദിന് ആർ.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ശക്തമാകാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളും കർശനമായി നിരീക്ഷിക്കും.
അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല.ഹരിയാനയിലും ബിഹാറിലും ഇന്റർനെറ്റിനുള്ള വിലക്ക് തുടരും.
വലിയ പ്രതിഷേധങ്ങൾ മുന്നിൽ കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.റെയിൽ ഗതാഗതം സ്തംഭിപ്പിപ്പിച്ചുള്ള ഉദ്യോഗാർഥികളുടെ നിലവിലെ പ്രതിഷേധം തെരുവിലേക്ക് നീങ്ങാനുള്ള സാധ്യത കേന്ദ്രം കാണുന്നുണ്ട്. അതുകൊണ്ടാണ് കൂടുതൽ സുരക്ഷ ഒരുക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.
തെലങ്കാനയിൽ പ്രതിഷേധിച്ച നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു. ബി.ജെ.പി ഓഫീസുകൾ ലക്ഷ്യം വെച്ചുള്ള പ്രതിഷേധമാണ് കേന്ദ്രസർക്കാറിന് തലവേദന ഉണ്ടാക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിൽ നിരവധി ഓഫീസുകളാണ് പ്രതിഷേധക്കാർ അടിച്ചു തകർത്തത്. പദ്ധതിയിൽ പുനപ്പരിശോധന വേണമെന്ന ആവശ്യം ശക്തമാണെങ്കിലും അത്തരം കാര്യങ്ങളിലേക്ക് കേന്ദ്രം കടന്നേക്കില്ല. പകരം ഉദ്യോഗാർഥികൾക്കായി ബോധവൽക്കരണം നടത്താനുള്ള സാധ്യതയുമുണ്ട്.