രാഹുലിന് ഇന്ന് നിര്‍ണായകം: അപകീര്‍ത്തിക്കേസിലെ അപ്പീൽ ഇന്ന് പരിഗണിക്കും
കോടതി കുറ്റവിമുക്തനാക്കുകയോ ശിക്ഷാ ഇളവ് നൽകുകയോ ചെയ്താൽ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഇന്ന് വാദം പൂർത്തിയാകും. കോടതി കുറ്റവിമുക്തനാക്കുകയോ ശിക്ഷാ ഇളവ് നൽകുകയോ ചെയ്താൽ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും.
ജനപ്രതിനിധികൾ പരിധികള്‍ക്കുള്ളില്‍ നിന്ന് വേണം പ്രസ്താവനകള്‍ നടത്താന്‍ എന്ന് കഴിഞ്ഞതവണ ഹരജി പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് രാഹുലിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത്. രാഹുലിനെതിരായ കുറ്റം ഗുരുതര സ്വഭാവമുള്ളതല്ലാത്തതിനാല്‍ വിചാരണക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് തടസമില്ലെന്ന് അഭിഷേക് സിങ്‌വി കോടതിയിൽ ചൂണ്ടികാട്ടിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഹരജി നിയമപരമായ നിലനില്‍ക്കില്ലെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു.
ഇതിൽ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് കോടതി നിർദേശിച്ചു. ഹരജിയിൽ ഇന്നുതന്നെ വാദം പൂർത്തിയാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട് .2019 ലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടുവർഷം തടവു ശിക്ഷിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാൽ രാഹുലിന്റെ ലോക്സഭാ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടും.