''രാജ്യം വംശഹത്യയുടെ വക്കിൽ; അടിയന്തര ഇടപെടൽ വേണം''; വിദ്വേഷപ്രസംഗങ്ങളിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി മുൻ ജഡ്ജി ജ. മദൻ ലോകൂർ
ധർമസൻസദിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം, സുള്ളി ഡീൽസ്-ബുള്ളി ബായി ആപ്പുകൾ, മധ്യപ്രദേശിൽ ക്രിസ്ത്യൻ സ്‌കൂളുകൾക്കുനേരെ നടന്ന ആക്രമണം, ആൾക്കൂട്ടക്കൊലയിലെ പ്രതികളെ രാഷ്ട്രീയനേതാക്കൾ മാലയിട്ട് സ്വീകരിച്ചത് അടക്കമുള്ള വിഷയങ്ങളെല്ലാം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് മദൻ ലോകൂറിന്റെ പ്രഭാഷണം
രാജ്യത്ത് പിടിമുറുക്കുന്ന വിദ്വേഷപ്രസംഗങ്ങളെക്കുറിച്ചും ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളെക്കുറിച്ചും രൂക്ഷവിമർശനവുമായി സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ലോകൂർ. രാജ്യം ഒരു വംശഹത്യയുടെ വക്കിലെത്തി നിൽക്കുകയാണെന്നും അടിയന്തരമായി ഇടപെടേണ്ട ഘട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം വിദ്വേഷ നടപടികളെ ഭരണകൂടം നിഷ്‌ക്രിയമായി നോക്കിനിൽക്കുകയോ ഒപ്പംനിൽക്കുകയോ ഒക്കെയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ 'മൻതൻ ഇന്ത്യ' സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ലോകൂർ. രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള സെഷനിൽ, ധർമസൻസദിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം, സുള്ളി ഡീൽസ്-ബുള്ളി ബായി ആപ്പുകൾ, മധ്യപ്രദേശിൽ ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള സ്‌കൂളുകൾക്കുനേരെ നടന്ന ആക്രമണം, ആൾക്കൂട്ടക്കൊലയിലെ പ്രതികളെ രാഷ്ട്രീയ നേതാക്കൾ മാലയിട്ട് സ്വീകരിച്ചത് അടക്കമുള്ള വിഷയങ്ങളെല്ലാം വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണം.
ഇടപെടാന്‍ മടിക്കുന്ന ഭരണകൂടം
''വംശഹത്യാ ആഹ്വാനം നടന്നൊരു ധർമസൻസദ് ഇവിടെ നടന്നു. എന്നാൽ, ഭരണകൂടം ഇതേക്കുറിച്ച് നിശബ്ദരായിരുന്നു. എന്താണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് സുപ്രിംകോടതി ചോദിക്കുന്നതുവരെ വിഷയത്തിൽ ഭരണകൂടം ഇടപെട്ടില്ല. കോടതി ഇടപെട്ടപ്പോൾ ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ജാമ്യം നൽകി വിട്ടയയ്ക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗം വംശഹത്യയിലേക്കും ഹിംസയിലേക്കും നയിക്കുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചത് ഓർക്കണം.''-മദൻ ലോകൂർ ചൂണ്ടിക്കാട്ടി.
വംശഹത്യയുടെ വക്കിലെത്തിനിൽക്കുകയാണോ നാം? അടിയന്തരമായി ഇടപെടേണ്ട സമയമാണിത്. ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി കൈക്കൊള്ളാൻ നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന പൊതുജനാഭിപ്രായം രൂപപ്പെടേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വെടിവച്ചുകൊല്ലാൻ ആഹ്വാനം ചെയ്ത മന്ത്രി
ആൾക്കൂട്ടക്കൊലയിൽ കുറ്റാരോപിതരായ വ്യക്തികളെ ഒരു മന്ത്രി മാലയിട്ടു സ്വീകരിക്കുകയാണുണ്ടായതെന്നും ജസ്റ്റിസ് ലോകൂർ പറഞ്ഞു. ആൾക്കൂട്ടക്കൊല തന്നെ ഹിംസയാണ്. വിദ്വേഷ പ്രസംഗം ഇത്തരം ഹിംസകൾക്ക് ഇടയാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
''ഇപ്പോൾ കാബിനറ്റ് അംഗമായിമാറിയ ഒരു മന്ത്രിയുണ്ടായിരുന്നു ഡൽഹിയിൽ. വെടിവയ്ക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഇത് നരഹത്യാ പ്രേരണയല്ലാതെ പിന്നെയെന്താണ്? എന്നാൽ, താൻ നരഹത്യ നടത്താൻ ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞേക്കാം. വെടിവയ്ക്കാൻ മാത്രമാണ് പറഞ്ഞത്. ആരെ വെടിവയ്ക്കണമെന്നൊന്നും പറഞ്ഞില്ല. ശ്രോതാക്കളാണ് വഞ്ചകരെന്ന് പറഞ്ഞതെന്നെല്ലാം അദ്ദേഹം ന്യായീകരിച്ചേക്കാമെന്നും ജസ്റ്റിസ് പറഞ്ഞു.
Summary: ''Are we now reaching the extreme of genocide? Is it not time to act'', says Former SC judge Justice Madan Lokur