കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി; കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി
അർജ്ജുൻ റാം മേഘ്‍വാളാണ് പുതിയ നിയമമന്ത്രി
ന്യൂഡൽഹി:കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി.കിരൺ റിജിജുവിനെ നിയമവകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി. അർജ്ജുൻ റാം മേഘ്‍വാളാണ് പുതിയ നിയമമന്ത്രി.കിരൺ റിജിജുവിന് ഭൗമശാസ്ത്ര വകുപ്പിന്റെ ചുമതല നൽകി.ജഡ്ജി നിയമനവുമായി റിജിജു നടത്തിയ പ്രസ്താവനകൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും കേന്ദ്രസർക്കാറും തമ്മിലുള്ള ശീതയുദ്ധത്തിന് പലപ്പോഴും വഴിയൊരുക്കിയിരുന്നു.
കൊളീജിയം സിസ്റ്റം തന്നെ ഇല്ലാതാക്കണമെന്ന് പലപ്പോഴും റിജിജു അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യങ്ങളാണ് അദ്ദേഹത്തിന് വിനയായത്. നേരത്തെ റിജുജുവിനെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ സർക്കാറിന് ബുദ്ധിമുട്ടുണ്ടായിരുന്നു.
ത്രിപുര,മേഘാലയ,നാഗാലാന്റ് എന്നിവടങ്ങളിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കിരൺ റിജുജുവിനെ മാറ്റിയത്. രാജസ്ഥാൻ സ്വദേശിയാണ് പുതിയ നിയമന്ത്രിയായ അർജ്ജുൻ റാം മെഘവാൾ. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അർജ്ജുൻ റാം മെഘവാളിന്റെ നിയമനം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാനിൽ അടുത്ത ജനുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.