ലൈവ് സംഗീത പരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് കൊന്ന് ചോര കുടിച്ചു; അരുണാചല്‍ റെഗ്ഗെ ഗായകനെതിരെ കേസ്
കോൻ വായ് സണിനെതിരെയാണ് അരുണാചല്‍പ്രദേശ് പൊലീസ് കേസെടുത്തത്
ഗുവാഹത്തി: സംഗീത പരിപാടിക്കിടെ വേദിയില്‍ വച്ച് കോഴിയുടെ കഴുത്തറുത്ത് കൊന്ന് ചോര കുടിച്ച സംഭവത്തില്‍ റെഗ്ഗെ ഗായകനെതിരെ കേസെടുത്തു. കോൻ വായ് സണിനെതിരെയാണ് അരുണാചല്‍പ്രദേശ് പൊലീസ് കേസെടുത്തത്.
ഒക്ടോബര്‍ 27ന് ഇറ്റാനഗറിലെ ഫുജിനില്‍ വച്ചായിരുന്നു പരിപാടി. അരുണാചലിലെ കിഴക്കൻ കാമെങ് ജില്ലയിലെ സെപ്പയിൽ നിന്നുള്ള കോൺ വായി അറിയപ്പെടുന്ന ഗാനരചയിതാവും സംഗീതസംവിധായകനും സംഗീതജ്ഞനുമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലോകമെമ്പാടും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇറ്റാനഗർ പൊലീസ് സ്‌റ്റേഷനിൽ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത്.
സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കലാകാരനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് ആഴത്തിലുള്ള മാനസിക വൈകല്യത്തെ സൂചിപ്പിക്കുന്നതിനാൽ, മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ മാനസിക വിലയിരുത്തലിന് വിധേയരാകണമെന്നും കൗൺസിലിംഗ് സ്വീകരിക്കണമെന്നും പെറ്റ ഇന്ത്യ ശിപാർശ ചെയ്യുന്നു. ''മൃഗങ്ങളോടുള്ള ക്രൂരത പോലുള്ള ഞെട്ടിക്കുന്ന രീതികള്‍ അവലംബിക്കണമെന്ന് തോന്നുന്ന ഒരു കലാകാരനാണ് നിങ്ങളെങ്കിൽ, മറ്റൊരു ജോലി നോക്കേണ്ട സമയമാണിതെന്നും'' പെറ്റ ഇന്ത്യ കോണ്‍ വായിയോട് പറഞ്ഞു. യഥാർത്ഥ കലാകാരന്മാർ ശ്രദ്ധിക്കപ്പെടാൻ അവരുടെ കഴിവിനെ ആശ്രയിക്കുന്നുവെന്ന് സംഘടനയുടെ കോർഡിനേറ്റർ സിഞ്ചന സുബ്രഹ്മണ്യൻ ചൊവ്വാഴ്ച ഒരു പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
റിപ്ലേ ഇന്ത്യ ടൂർ പരിപാടിയുടെ സംഘാടകരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൻ്റെ ഭാഗമായി അവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് കോണ്‍ വായ് വേദിയില്‍ വച്ച് ഇത്തരമൊരു കൃത്യം നടത്തിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോണ്‍ വായ് പിന്നീട് മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. നേരത്തെയുള്ള പ്ലാന്‍ പ്രകാരമല്ല കോഴിയുടെ കഴുത്തറുത്തതെന്നും സംഭവത്തില്‍ സംഘാടകര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1960കളില്‍ ജമൈക്കയില്‍ ഉരുത്തിരിഞ്ഞ സംഗീതരൂപമാണ് റെഗ്ഗെ. ബോബ് മാര്‍ലിയാണ് റെഗ്ഗയെ ലോകത്തിന്‍റെ താളമാക്കി മാറ്റിയത്. അക്കാലത്ത് ജമൈക്ക നേരിട്ട അനീതിയുടെയും പ്രതിരോധത്തിന്‍റെയും മുഖമായിരുന്നു റെഗ്ഗെ സംഗീതം. റെഗ്ഗെയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മൗറീഷ്യസില്‍ നടന്ന യുഎന്‍ ഏജന്‍സിയുടെ യോഗത്തില്‍ ജമൈക്ക ആവശ്യപ്പെട്ടിരുന്നു.