Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീം (എഐഎംഐഎം) രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബിജെപി പ്രവർത്തകനായ തിരുപ്പതി നരസിംഹ മുരാരിയാണ് രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഡൽഹി ഹൈക്കോടതി ജസ്റ്റിസ് പ്രതീക് ജലാനാണ് ഹർജി തള്ളിയത്. രാഷ്ട്രീയ വിശ്വാസങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കാനുള്ള എഐഎംഐഎം അംഗങ്ങളുടെ മൗലികാവകാശങ്ങളിൽ ഇടപെടുന്നതിന് തുല്യമാണ് ഹരജിക്കാരൻ്റെ വാദങ്ങൾ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
1958ൽ ആയിരുന്നു എഐഎംഐഎം സ്ഥാപിതമായത്. 2018ൽ ശിവസേനയിൽ അംഗമായിരുന്നപ്പോഴാണ് ഹർജിക്കാരൻ ഹർജി നൽകിയത്. കേസിൽ വാദം കേൾക്കുന്നതിനിടെ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. സെക്ഷൻ 29 എയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ എഐഎംഐഎം പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്.
എഐഎംഐഎമ്മിൻ്റെ ഭരണഘടന ഒരു മതവിഭാഗത്തിനെ മാത്രം ലക്ഷ്യമാക്കി മുന്നോട്ടുകൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഇത് രാഷ്ട്രീയ പാർട്ടികൾ പാലിക്കേണ്ട മതേതര തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിച്ചു.